ബിസിനസിൽ ലാഭവും നഷ്ടവും വരും. അനിൽ അംബാനി നിക്ഷേപത്തിൽ വിചിത്ര ന്യായീകരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച 100 കോടിയുടെ അഴിമതി ആരോപണത്തിനാണ് ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ വിചിത്ര ന്യായികരണം.
2018 ല്‍ നിയമം പാലിച്ചാണ് നിക്ഷേപം നടത്തിയതെന്നും ലാഭവും നഷ്ടവും ബിസിനസില്‍ വരുമെന്നുമാണ് ബാലഗോപാലിൻ്റെ പ്രതികരണം. മനപൂർവ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ല. മുബൈ ഹൈക്കോടതിയില്‍ കേസ് ഉണ്ട്. പകുതിയോളം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ഉൾപ്പെടെ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാത്ത ബാലഗോപാലാണ് വി.ഡി. സതീശൻ്റെ അഴിമതി ആരോപണത്തിന് ഗത്യന്തരമില്ലാതെ മറുപടിയുമായി മുന്നിട്ട് വന്നത് എന്നതാണ് ശ്രദ്ധേയം. സതീശൻ്റെ ആരോപണത്തിൽ ഐസക്കും ബാലഗോപാലും പ്രതികരിച്ചതോടെ 100 കോടി നഷ്ടപ്പെട്ടു എന്ന കാര്യത്തിൽ സ്ഥിരീകരണമായി.
സ്വന്തം വീട്ടിലെ പണം ബിസിനസിന് നിക്ഷേപിച്ചാൽ ലാഭവും നഷ്ടവും ഉണ്ടായാൽ സഹിക്കാം. അതു പോലെയല്ല കാര്യങ്ങൾ. കൊള്ള പലിശ ജനങ്ങളിൽ നിന്നും ഊറ്റി അതിൽ നിന്നും വളർന്ന സ്ഥാപനമാണ് കെ.എഫ്.സി. ഓരോ ചില്ലി കാശും ജനത്തിൻ്റേതാണ് എന്നർത്ഥം. അതുകൊണ്ട് തന്നെ നഷ്ടത്തിന് കാരണഭൂതരായവർക്ക് എതിരെ നടപടി എടുക്കേണ്ടി വരും.
അഴിമതിയെ ന്യായീകരിക്കാതെ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയാണ് ബാലഗോപാൽ ചെയ്യേണ്ടത്. നിയമസഭയിൽ മറുപടി തരാതെയും ഇപ്പോൾ ന്യായീകരിച്ചും ബാലഗോപാൽ രംഗത്ത് വന്നത് ഒളിക്കാൻ ധാരാളം ഉണ്ട് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും.
60.80 കോടിയാണ് അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്ന സ്ഥാപനത്തിൽ കെ.എഫ്.സി നിക്ഷേപിച്ചത്. 2018- 19 വാർഷിക റിപ്പോർട്ടിൽ അനിൽ അംബാനിയുടെ കമ്പനിയുടെ പേര് മറച്ച് വച്ചു. Term Deposit with Bank and NCD Rs 6080 lakhs എന്നാണ് 2018- 19 വാർഷിക റിപ്പോർട്ടിൽ സൂചിപ്പിച്ചത്. 2019- 20 ലെ വാർഷിക റിപ്പോർട്ടിലും കമ്പനിയുടെ പേര് മറച്ച് വച്ചു.
കമ്പനി 2019 ൽ ലിക്വിഡേറ്റ് ചെയ്തപ്പോൾ 7.09 കോടി തിരിച്ചു കിട്ടിയതായി 2020-21 ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 മാർച്ച് മുതൽ പലിശ പോലും ഇല്ല. പലിശ ഉൾപ്പെടെ 100 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്.