‘പ്രതികൾക്കൊപ്പം പാർട്ടിയുണ്ട്, അവർ സിപിഎമ്മുകാരാണ്’; കൊലയാളികൾക്ക് സമ്പൂർണ്ണ പിന്തുണയുമായി സിപിഎം നേതാക്കൾ

Periya double murder CPIM supports

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് സിപിഎം. വിധി അന്തിമമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി പി രാമകൃഷ്ണനും പറഞ്ഞു. വിചാരണ കോടതി വിധി അന്തിമമല്ലെന്ന് കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ.. കോടതിയിലെത്തി കണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാൻ വന്നതെന്ന് പ്രതികളെ കണ്ട ശേഷം മോഹനൻ മാധ്യമങ്ങളോട് പറഞ്ഞത്.

‘അവർ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് അവരെ കാണാനായി എത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്. അതിൽ മറിച്ചൊരു അഭിപ്രായമില്ല. ഇനിയും കോടതിയുണ്ടല്ലോ. അവരെ കാണാൻ തന്നെയാണ് കോടതിയിൽ എത്തിയത്. അപ്പീൽ നൽകുന്ന കാര്യം കാസർകോട്ടെ പാർട്ടി തീരുമാനിക്കും’ സിഎൻ മോഹനൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതക്കേസിൽ പൊലീസ് കണ്ടെത്തിയതിനപ്പുറമൊന്നും കണ്ടെത്താൻ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു. പാർട്ടി ഗൂഢാലോചനയിൽ ഉണ്ടായ കൊലപാതകം അല്ലെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. എന്നാൽ തുടക്കം മുതൽ സിപിഎം ഗുഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ശ്രമിച്ചത്. വിധി ന്യായങ്ങൾ പരിശോധിച്ച് മറ്റ് ഉയർന്ന കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തും. രാഷ്ട്രീയമായ ലക്ഷ്യത്തോടെ സിപിഎമ്മിനെ ഈ കേസിന്റെ ഭാഗമാക്കാൻ ശ്രമിച്ച നിലപാടിനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പൊലീസ് കണ്ടെത്തിയതിനപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ല. അതിന് പുറമെ രാഷ്ട്രീയമായ ഉദ്ദേശ്യം വച്ച് പാർട്ടി പ്രവർത്തകരെയും നേതാക്കൻമാരെയും കേസിൽ ഉൾപ്പെടുത്തി. അതിന് വേറെ ചില വകുപ്പുകളാണ് അവർ സ്വീകരിച്ചത്. സിബിഐ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പ്രതിയാക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം നിതിന്യായ വ്യവസ്ഥയുടെ മുന്നിൽ ഫലപ്രദമായി മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. ഉയർന്ന കോടതികളെ സമീപിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു

കൊലപാതകത്തിൽ സിപിഎം ഗൂഢാലോചനയുണ്ടെന്ന വാദം പൊളിഞ്ഞെന്നും, കേരളാ പൊലീസിന്റെ നിഗമനങ്ങളാണ് ശരിയെന്നതാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. കേസിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന നിലപാടാണ് കേരളാ പൊലീസ് സ്വീകരിച്ചത്. പിന്നീടാണ് സിബിഐ വരുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മറ്റ് കോടതികളെ സമീപിക്കാൻ നിയമപരമായി പോകാൻ അവസരമുണ്ട്. നിയമപരമായ പരിശോധനയ്ക്ക് ശേഷം ഇതിൽ പാർട്ടി നിലപാട് സ്വീകരിക്കും.

എട്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ എട്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഗൂഢാലോചനയിൽ പങ്കെടുത്ത 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവർക്ക് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം നാലു പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. ഇവർക്ക് പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എൻ ശേഷാദ്രിനാഥൻ ആണ് വിധി പ്രസ്താവിച്ചത്. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ (അബു), ഗിജിൻ, ആർ ശ്രീരാഗ് (കുട്ടു), എ അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

തെളിവ് നശിപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിന്, 14ാം പ്രതി സിപിഎം ജില്ലാ കമ്മിറ്റി അം?ഗം കെ മണികണ്ഠൻ, 20ാം പ്രതി മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, 21ാം പ്രതി, സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22ാം പ്രതി, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ വി ഭാസ്‌കരൻ എന്നിവർക്കാണ് അഞ്ചു വർഷം തടവുശിക്ഷ ലഭിച്ചത്.പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. കേസിൽ സിപിഎം നേതാക്കൾ അടക്കം 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments