ട്വൻ്റി 20 യിൽ ഓപ്പണർ സീറ്റ് ഉറപ്പിച്ച സഞ്ജു സാംസണെ ഏകദിനത്തിലും പരിഗണിക്കുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ വിക്കറ്റ് കീപ്പറായി സഞ്ജു എത്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ഫെബ്രുവരി 19 നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. പാക്കിസ്ഥാൻ അതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിൽ ഇന്ത്യയുടെ എല്ലാ മൽസരവും ദുബായിൽ വച്ചാണ്. ഫെബ്രുവരി 23 നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൽസരം.
വിക്കറ്റ് കീപ്പറായി ഏറ്റവും മികച്ച ആൾ വരട്ടെ എന്ന അഭിപ്രായമാണ് സഞ്ജുവിൻ്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നത്. നിലവിലെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് 31 ഏകദിനം കളിച്ചപ്പോൾ 16 ഏകദിനം മാത്രമാണ് സഞ്ജു കളിച്ചത്. 31 ഏകദിനത്തിൽ നിന്ന് ഋഷഭ് നേടിയത് 871 റൺസ്. ശരാശരി 33.5 മാത്രം.
അതേ സമയം സഞ്ജുവിൻ്റെ ശരാശരി 56.6 ആണ്. 16 ഏകദിനത്തിൽ നിന്ന് സഞ്ജു ഒരു സെഞ്ചറിയും 3 അർധ സെഞ്ച്വറിയും അടക്കം നേടിയത് 510 റൺസാണ് . 2023 ഡിസംബറിൽ കരുത്തരായ ദക്ഷിണാഫ്രിക്കക്ക് എതിരെ ആയിരുന്നു സഞ്ജു സെഞ്ച്വറി നേടിയത്. പരിശിലകനായ ഗംഭീറിൻ്റെ ഫേവറിറ്റ് താരമാണ് സഞ്ജു.
സ്ട്രൈക്ക് റേറ്റ് ഉള്ള സഞ്ജു ഏകദിനത്തിലും മുതൽ കൂട്ടാണ് എന്ന അഭിപ്രായക്കാരൻ ആണ് ഗംഭീർ. ട്വൻ്റി 20 യിൽ മിന്നുന്ന ഫോമിലായിരുന്നു സഞ്ജു. കഴിഞ്ഞ വര്‍ഷമവസാനത്തോടെ ഏഴു ടി20 മല്‍സരങ്ങള്‍ക്കിടെ മൂന്നു സെഞ്ച്വറികളാണ് സഞ്ജു വാരിക്കൂട്ടിയത്.
ഒരു കലണ്ടര്‍ വര്‍ഷം ഏതെങ്കിലുമൊരു താരം ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയതും ആദ്യമായിട്ടാണ്. ഇംഗ്ലണ്ടുമായാണ് ട്വൻ്റി 20 പരമ്പരയാണ് ഇന്ത്യയുടെ മുന്നിൽ ഉള്ളത്. ഓപ്പണർ റോളിൽ സ്ഥാനം ഉറപ്പിച്ച സഞ്ജുവിൻ്റെ ജോഡിയായി യശ്വന്തി ജയ് സ്വാളിനെയാണ് ഗംഭീർ പരിഗണിക്കുന്നത്.
അഭിഷേക് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വയ്ക്കാത്തതാണ് വിനയായത്. ഏകദിന ടീമില്‍ ഇനിയും സ്ഥാനമുറപ്പിച്ചിട്ടില്ലെങ്കിലും അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഋഷഭിനേക്കാൾ സ്ട്രൈക്ക് റേറ്റ് ഉള്ള സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്യാപ് അണിയാനാണ് സാധ്യത.