ഇടുക്കി കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിനെ അധിക്ഷേപിച്ച് എംഎം മണി എംഎൽഎ. കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് മുന്നിൽ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ നയവിശദീകരണ യോഗത്തിലായിരുന്നു അവഹേളിക്കുന്ന തരത്തിലുള്ള എംഎം മണിയുടെ പ്രസ്താവന. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്മുണ്ടോ ഇതിന് ചികിത്സ തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണം. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും എംഎം മണി പറഞ്ഞു.
സാബുവിന്റെ മരണത്തിൽ സിപിഎം നേതൃത്വത്തിനോ ബാങ്കിന്റെ ഭരണസമിതിയുടെ പ്രതിനിധിയായ വിആർ സജിക്കോ പങ്കില്ല. വഴിയെ പോകുന്ന വയ്യാവേലിയെല്ലാം സിപിഎമ്മിന്റെ തലയിൽ വെക്കരുത്. ഇതുപയോഗിച്ച് സിപിഎമ്മിനെ വിരട്ടാൻ ആരും നോക്കണ്ട. സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ട് എംഎം മണി പറഞ്ഞു.
സാബു തോമസിന്റെ അമ്മ ത്രേസ്യാമ്മ അന്തരിച്ചു
സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിൽ ആയിരുന്നു ത്രേസ്യാമ്മ. ഇന്ന് വൈകിട്ട് നാലു മണിക്ക് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ ആണ് സംസ്കാരം നടക്കുക.
അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്. അമ്മയേയും അച്ഛനെയും വീട്ടിൽ തനിച്ചാക്കിയിട്ടാണ് പലപ്പോഴും ബാങ്കിൽ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടി വ്യക്തമാക്കിയിരുന്നു. സാബുവിന്റെ അച്ഛനും വാർധക്യ സഹജമായ രോഗങ്ങൾ അനുഭവിക്കുന്നയാളാണ്.
അതേസമയം, സാബു തോമസിന്റെ മരണത്തിൽ ആരോപണ വിധേയരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് വിമർശനമുയർന്നിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിആർ സജിയുടെ മൊഴി സാബുവിന്റെ മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ആരോപണം. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി ജീവനക്കാരായ മൂന്ന് പേർ ഒളിവിൽ ആയതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു പൊലീസ് വിശദീകരിച്ചത്.