News

മുൻ എംഎൽഎ രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ല സെക്രട്ടറി കെപി ഉദയഭാനു മൂന്ന് ടേം പൂർത്തിയാക്കിയതോടെയാണ് ജില്ലയിലെ പാർട്ടി നേതൃത്വത്തിൽ മാറ്റമുണ്ടായിരിക്കുന്നത്.

1996, 2001, 2006 , 2011 , 2016 വർഷങ്ങളിൽ അഞ്ച് തവണ കേരള നിയമസഭയിലേക്ക് റാന്നിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവാണ് രാജു എബ്രഹാം. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ്. ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാൻലിൻ, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സിഎം രാജേഷ്, ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി കെ സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ചന്ദ്രമോഹൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

കെപി ഉദയഭാനുവിന് പുറമെ അഡ്വ പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെ സി രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശ്രീധരൻ, നിർമലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

എസ്എഫ്‌ഐയിലൂടെയാണ് രാജു എബ്രഹാം രാഷ്ട്രീയത്തിലെത്തിയത് . റാന്നി എംഎസ് ഹൈസ്‌കൂളിൽ (1975) എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. 1980ൽ റാന്നി സെന്റ് തോമസ് കോളേജിന്റെ ചെയർമാനായും പിന്നീട് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായും (1981) പ്രവർത്തിച്ചു. എസ്എഫ്‌ഐ പത്തനംതിട്ട താലൂക്ക് കമ്മിറ്റി പ്രസിഡന്റും കൊല്ലത്ത് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.

1983ൽ സിപിഐ എം റാന്നി താലൂക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായും 1996 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x