ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് പരാജയം. 184 റൺസിനാണ് ഓസ്ട്രേലിയ തകർപ്പൻ ജയം നേടിയത്. 340 റൺസ് വിജയലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യൻ നിര ചീട്ട് കൊട്ടാരം പോലെ തകർന്നു 155 റൺസിന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ നിര തുടക്കത്തിലെ തകർന്നു. സ്കോർ ബോർഡിൽ 33 റൺസ് ഉള്ളപ്പോൾ ആദ്യ 3 വിക്കറ്റുകൾ വീണു കഴിഞ്ഞിരുന്നു. രോഹിത് ശർമ (9) , കെ.എൽ രാഹുൽ ( 0) , വീരാട് കോലി (5) എന്നിവരെ തുടക്കത്തിലെ നഷ്ടപ്പെട്ട ഇന്ത്യയെ ഓപ്പണറായ യശ്വസി ജയ്സ്വാൾ ഒറ്റക്ക് താങ്ങി നിർത്തുന്ന കാഴ്ചയാണ് പിന്നിട് കാണുന്നത്.
ഋഷഭ് പന്തുമായി ചേർന്ന് ജയ്സ്വാൾ നാലാം വിക്കറ്റിൽ 88 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതോടെ മൽസരം സമനിലയിലേക്ക് എന്ന പ്രതീതി ഉണർത്തിയിരുന്നു. അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഋഷഭ് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞതാണ് തിരിച്ചടിയായത്.
പിന്നിട് എത്തിയ രവീന്ദ്ര ജഡേജയും ( 2 ) നിതിഷ് റെഡ്ഡിയും ( 1 ) വന്നതും പോയതും പെട്ടെന്നായിരുന്നു. സ്കോർ ബോർഡ് 140 ൽ നിൽക്കുമ്പോൾ ഒരറ്റത്ത് പിടിച്ചു നിന്ന ജയ്സ്വാൾ (84) വിവാദ തീരുമാനത്തെ തുടർന്ന് പുറത്തായി.
പാറ്റ് കമ്മിൻസിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണ് ജയ്സ്വാളിൻ്റെ മടക്കം.
ജയ്സ്വാളിൻ്റെ വിക്കറ്റിനായി ഓസിസ് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ വിക്കറ്റ് അനുവദിച്ചിരുന്നില്ല. തുടർന്ന് പാറ്റ് കമ്മിൻസ് റിവ്യു ആവശ്യപ്പെട്ടു. പന്ത് ഗ്ലൗസിൽ തട്ടുന്നതായി സംശയം ഉയർന്നെങ്കിലും സ്നിക്കോമീറ്ററിൽ അതിൻ്റെ തെളിവ് ലഭിച്ചില്ല. പന്തിൻ്റെ ഗതി ജയ്സ്വാളിൻ്റെ ബാറ്റിൻ്റെ തൊട്ടടുത്ത് വച്ച് വ്യതിചലിക്കുകയും സ്നിക്കോമീറ്ററിൽ യാതൊന്നും കാണിക്കാതിരിക്കുകയും ചെയ്തതോടെ ആശയകുഴപ്പത്തിൽ ആയ തേഡ് അമ്പയർ ഒടുവിൽ ഔട്ട് അനുവദിക്കുക ആയിരുന്നു. തീരുമാനത്തിൽ തൻ്റെ അതൃപ്തി പരസ്യമാക്കിയാണ് ജയ്സ്വാൾ മടങ്ങിയത്. 208 പന്തിൽ 8 ഫോറുകൾ സഹിതമാണ് ജയ്സ്വാളിൻ്റെ 84 റൺസ്.
തുടർന്ന് എത്തിയ ആകാശ ദീപ് ( 7) , ബുമ്ര (0) , മുഹമ്മദ് സിറാജ് ( o) എന്നിവർ ക്ഷണത്തിൽ മടങ്ങി. വാഷിംഗ്ടൺ സുന്ദർ 5 റൺസോടെ പുറത്താകെ നിന്നു. പാറ്റ് കമിൻസ് , ബോളണ്ട് എന്നിവർ 3 വിക്കറ്റ് വീതം നേടി. വീരാട് കോലിയുടെ നിർണ്ണായക വിക്കറ്റ് നേടിയത് മിച്ചൽ സ്റ്റാർക്ക് ആയിരുന്നു.