Kerala Government NewsNews

ആരോഗ്യ ഫണ്ട് വെട്ടിക്കുറച്ചില്ലെന്ന വാദം തെറ്റ്; പ്ലാനും നോൺ-പ്ലാനും കൂട്ടിച്ചേർത്ത് ധനമന്ത്രിയുടെ ‘ക്യാപ്സ്യൂൾ’

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആക്ഷേപം. ശമ്പളം നൽകുന്ന നോൺ-പ്ലാൻ വിഹിതവും, മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്ന പദ്ധതി വിഹിതവും (പ്ലാൻ ഫണ്ട്) കൂട്ടിച്ചേർത്ത് കണക്കുകൾ അവതരിപ്പിച്ച് ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് വിമർശനം. ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകാൻ കാരണം പദ്ധതി വിഹിതം സർക്കാർ വെട്ടിക്കുറച്ചതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ധനമന്ത്രിയുടെ വിശദീകരണം

കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ആരോഗ്യമേഖലയ്ക്ക് 9667 കോടി രൂപ വകയിരുത്തുകയും 9994 കോടി രൂപ അനുവദിക്കുകയും ചെയ്തുവെന്നും, ഇത് 103 ശതമാനം ചെലവാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു. നടപ്പ് വർഷം (2025-26) 10,432 കോടി രൂപ വകയിരുത്തിയതിൽ, ആദ്യ മൂന്ന് മാസത്തിനുള്ളിൽ നാലിലൊന്ന് തുക കൈമാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

കണക്കുകളിലെ യാഥാർത്ഥ്യം

എന്താണ് യത്ഥാർത്ഥ വസ്തുത എന്ന് നോക്കാം.2024 – 25 സാമ്പത്തിക വർഷം ആരോഗ്യ മേഖലക്ക് 2641.45 കോടിയായിരുന്നു പ്ലാൻ അഥവാ പദ്ധതി വിഹിതം. നോൺ പ്ലാൻ 7025. 66 കോടി. ശമ്പളവും മറ്റ് ചെലവുകൾക്കുമാണ് നോൺ പ്ലാൻ. മരുന്ന് , ഉപകരണങ്ങൾ ഇവയെല്ലാം വാങ്ങുന്നത് പ്ലാൻ വഴിയാണ്. പ്ലാനും നോൺ പ്ലാനും കൂടിയാണ് 2024- 25 ൽ ബാലഗോപാൽ പറഞ്ഞ 9667 കോടി . 2025- 26 ൽ പ്ലാൻ 2740.74 കോടിയും നോൺ പ്ലാൻ 7690.94 കോടിയുമാണ്. ഇതാണ് ബാലഗോപാൽ പറയുന്ന 2025- 26 ലെ 10432 കോടി.

എന്നാൽ, ഈ കണക്കുകൾ പ്ലാൻ, നോൺ-പ്ലാൻ വിഹിതങ്ങൾ കൂട്ടിച്ചേർത്തുള്ളതാണെന്നും, ഇത് യഥാർത്ഥ ചിത്രം മറച്ചുവെക്കാനാണ്. നോൺ-പ്ലാൻ വിഹിതം പ്രധാനമായും ശമ്പളം, പെൻഷൻ തുടങ്ങിയ ഒഴിവാക്കാനാവാത്ത ചെലവുകൾക്കാണ്. എന്നാൽ മരുന്ന്, ഉപകരണങ്ങൾ, ആശുപത്രി വികസനം എന്നിവയ്ക്ക് പണം കണ്ടെത്തുന്നത് പദ്ധതി വിഹിതത്തിൽ നിന്നാണ്. ഈ പദ്ധതി വിഹിതത്തിലാണ് സർക്കാർ വലിയ കുറവ് വരുത്തിയിരിക്കുന്നത്.

2024-25 സാമ്പത്തിക വർഷം ആരോഗ്യ വകുപ്പിന്റെ പദ്ധതി വിഹിതം 152 കോടിയിൽ നിന്ന് 90 കോടിയായും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റേത് 401 കോടിയിൽ നിന്ന് 254 കോടിയായും വെട്ടിക്കുറച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് തന്നെ മാർച്ച് 3-ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.

ഈ വസ്തുതകൾ നിലനിൽക്കെ, ശമ്പളമടക്കമുള്ള കണക്കുകൾ ചേർത്ത് ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. നാലുവർഷം ധനമന്ത്രിയായിരുന്നിട്ടും പ്ലാൻ, നോൺ-പ്ലാൻ ഫണ്ടുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിട്ടില്ലേ എന്നും വിമർശകർ ചോദിക്കുന്നു.