സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് പരോൾ അനുവദിച്ചു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരിക്കുന്നത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമതു നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. പിന്നീടാണ് ജയിൽ മേധാവി അപേക്ഷ പരിഗണിച്ച് 30 ദിവസത്തെ പരോൾ അനുവദിച്ചത്.
2022 മേയിൽ കോടതി കിരണിനെ പത്തുവർഷം തടവിനു ശിക്ഷ വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 25 വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം ജയിലിൽ കിടന്നാൽ മതി.
നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ (സീ വില്ല) കെ.ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയ കഴിഞ്ഞ ജൂൺ 21നാണു ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. 2020 മേയ് 30 നായിരുന്നു പോരുവഴി ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാറുമായുള്ള വിവാഹം.
കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ.
സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങൾ കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
2021 ജൂൺ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദര ഭാര്യയ്ക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺകുമാർ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഐ ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.