
റിയാസിന് സ്പീക്കറെക്കാൾ പ്രിയം മനോരമയോട്; മനോരമക്ക് 10 ലക്ഷം, 5 ലക്ഷം ആവശ്യപ്പെട്ട ഷംസീറിന് 2 ലക്ഷം
തുടർ ഭരണം കിട്ടിയപ്പോൾ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച എ.എൻ. ഷംസീറിനെ വെട്ടിയാണ് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ പി.എ. മുഹമ്മദ് റിയാസിന് മന്ത്രി കസേര നൽകിയത്.
തുടർച്ചയായി 2 തവണ തലശേരിയിൽ നിന്ന് ജയിച്ച ഷംസീർ മന്ത്രിയാകും എന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ആദ്യ തവണ മാത്രം എംഎൽഎ ആയ റിയാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് കാണാനുള്ള യോഗം ആയിരുന്നു ഷംസീറിന്റേത്.
വെറും എംഎൽഎ ആയി തുടർന്ന ഷംസീർ എൽ.ഡി.എഫ് പാർലമെന്ററി യോഗത്തിൽ റിയാസിനെതിരെ കടുത്ത വിമർശനങ്ങൾ ചൊരിയുന്ന കാഴ്ചയാണ് പിന്നീട് സംഭവിച്ചത്. വാർത്ത പ്രാധാന്യം കിട്ടി ഷംസീർ മുന്നേറുന്നത് റിയാസിന് തിരിച്ചടി ആകുമെന്ന് കണ്ട് ഷംസീറിനെ ഒടുവിൽ പിണറായി സ്പീക്കറാക്കി. റിയാസ് ആകട്ടെ മന്ത്രിസഭയിലെ രണ്ടാമൻ എന്ന ഖ്യാതിയിൽ പ്രവർത്തനവും തുടങ്ങി.

പിണറായിയുടെ പിൻഗാമി റിയാസ് എന്ന ഘട്ടം വരെ എത്തി നിൽക്കുന്നു. ഇതിനിടയിലും ഷംസീറും റിയാസും തമ്മിലുള്ള അകൽച്ച തുടർന്നു. ഏറ്റവും ഒടുവിൽ 2025 ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിന് ടൂറിസം വകുപ്പിൽ നിന്ന് 5 ലക്ഷം രൂപ സ്‌പോൺസർഷിപ്പായി നൽകണമെന്ന് ഷംസീർ ആവശ്യപ്പെട്ടു.
സാധാരണ ഗതിയിൽ സ്പീക്കർ ആവശ്യപ്പെട്ടാൽ മന്ത്രിമാർ ആ തുക അനുവദിക്കുന്നതാണ് പതിവ്. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്ന് പുസ്തക കൂപ്പണുകളുടെ സ്‌പോൺസർഷിപ്പിനായി 5 ലക്ഷം രൂപ അനുവദിക്കണം എന്നായിരുന്നു ഷംസീറിന്റെ ആവശ്യം.
എന്നാൽ 2 ലക്ഷം രൂപ കൊടുത്താൽ മതിയെന്ന് റിയാസ് തീരുമാനിച്ചു. 2 ലക്ഷം അനുവദിച്ച് ഈ മാസം 23 ന് ടൂറിസം വകുപ്പിൽ നിന്ന് ഉത്തരവും ഇറങ്ങി. അതേ സമയം മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് 2024 എന്ന പരിപാടിക്ക് 10 ലക്ഷമാണ് റിയാസ് നൽകിയത്. ഒക്ടോബർ 4 ന് 5 ലക്ഷവും ഷംസീറിന് പണം അനുവദിച്ച ഡിസംബർ 23 ന് വീണ്ടും 5 ലക്ഷവും മനോരമക്ക് റിയാസ് അനുവദിച്ചു.
10 ലക്ഷം മനോരമക്ക് കിട്ടിയപ്പോൾ 5 ലക്ഷം ചോദിച്ച ഷംസീറിന് കിട്ടിയതാകട്ടെ 2 ലക്ഷവും. നവംബർ 1 മുതൽ 3 വരെ ആയിരുന്നു മനോരമ ഹോർത്തൂസ് 2024 എന്ന പരിപാടി സംഘടിപ്പിച്ചത്.