
വർഷങ്ങളുടെ പക; തൃശൂരിൽ രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു
തൃശൂർ കൊടകര വട്ടേക്കാട് രണ്ട് യുവാക്കൾ കുത്തേറ്റ് കൊല്ലപ്പെട്ടു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. നാല് കൊല്ലം മുമ്പുള്ള കത്തിക്കുത്തിലെ പകയാണ് ഇരുവരുടെയും ജീവനെടുത്തത്.
ക്രിസ്മസ് രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിനെ അഭിഷേക്, വിവേക്, മറ്റൊരാൾ എന്നിവർ വീടുകയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്തിന്റെ പ്രത്യാക്രമണത്തിൽ അഭിഷേകിനും കുത്തേറ്റു.
വീട് ആക്രമിക്കാനെത്തിയ സംഘത്തിലെ വിവേകിനെ 4 കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു. ഇതിന്റെ പക വീട്ടാനുള്ള ശ്രമമാണ് രണ്ട് പേരുടെ മരണത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി 11.30നാണ് വട്ടേക്കാട് സ്വദേശി സുജിത്തിന്റെ വീട്ടിലേയ്ക്ക് ഒരു സംഘം സംഘടിച്ചെത്തിയത്.
സുജിത്തിനെ ലക്ഷ്യമിട്ടെത്തിയ സംഘം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതിനിടെ സുജിത്തിനെ ഇവർ കുത്തിവീഴ്ത്തി. പ്രതിരോധിക്കുന്നതിനിടെ അക്രമി സംഘത്തിലെ അഭിഷേകിനും കുത്തേറ്റു. രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട വിവേകിനും സുഹൃത്തിനും വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.