
ക്രിസ്മസ് ദിനത്തിൽ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി ക്രൂരബലാത്സംഗത്തിന് ഇരയായി
ക്രിസ്മസ് ദിനത്തിൽ രാജ്യത്തെ ഞെട്ടിച്ച് ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥി ക്രൂര ബലാത്സംഗത്തിന് ഇരയായി. രാത്രിയിൽ സുഹൃത്തിനൊപ്പം പള്ളിയിൽ പോയിട്ട് തിരികെ ക്യാമ്പസിലെത്തിയ പെൺകുട്ടിയാണ് ക്രൂരതക്ക് ഇരയായത്.
സംഭവത്തില്‍ പ്രതി പിടിയിലായി. 37 വയസ്സുള്ള ജ്ഞാനശേഖരൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് എന്നാണ് പോലീസ് പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
സർവകലാശാല ക്യാമ്പസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. രണ്ടാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശിനി, സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോൾ അപരിചതനായ ഒരാള്‍ അടുത്തെത്തുകയായിരുന്നു.
എത്തിയ ഉടനെ തന്നെ ഇരുവരെയും മർദിക്കാൻ തുടങ്ങി. ഭയന്ന യുവാവ് പെൺകുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടി കരഞ്ഞു അപേക്ഷിച്ചിട്ടും അക്രമി പിന്മാറിയില്ല. പീഡനവിവരം കോളേജിൽ അറിയിച്ചതിനു പിന്നാലെ പെൺകുട്ടി കൊട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ക്യാമ്പസിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.
അതേസമയം, അന്വേഷണവുമായി സർവകലാശാല അധികൃതർ സഹകരിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. ഞെട്ടിക്കുന്ന ദാരുണമായ സംഭവമാണ് നടന്നതെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും അണ്ണാ സർവകലാശാല അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ക്യാമ്പസിൽ സുരക്ഷാ ജീവനക്കാരും സിസിടിവി ക്യാമറകളും ഉണ്ട്. എന്നിട്ടും അനിഷ്ട സംഭവം ഉണ്ടായി. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷ വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകൾ ചുമത്തിയണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്ത്, ക്യാമ്പസിലെ സുരക്ഷാ ജീവനക്കാർ തുടങ്ങി 20ലേറെ പേരുടെ മൊഴി എടുത്തെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.