കണ്ണൂർ പയ്യാമ്പലത്ത് ബീച്ചിനോട് ചേർന്നുള്ള റിസോർട്ട് ജീവനക്കാരൻ തീയിട്ട് നശിപ്പിച്ചു. പിന്നീട് ഓടിപ്പോയ ഇയാളെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 12 വർഷമായി റിസോർട്ടിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇയാൾ തീയിടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത്. റിസോർട്ടിന് തീ പടർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എൻക്ലേവിൽ ഉന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. സംഭവത്തിൽ റിസോർട്ടിലെ ആർക്കും സംഭവത്തിൽ പരിക്കില്ല. തീയിട്ട പ്രേമന് പൊള്ളലേറ്റിരുന്നു. റിസോർട്ടിലെ തീ ഫയർഫോഴ്‌സെത്തി നിയന്ത്രണ വിധേയമാക്കി. ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയുന്നത്.
റിസോർട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷം രണ്ട് വളർത്തു നായകളെയും മുറിയിൽ അടച്ചിട്ട് തീയിടുകയായിരുന്നു. തീ പടരുന്നത് കണ്ട് റിസോർട്ടിൽ താമസിക്കുന്നവർ ഉടൻ തന്നെ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. രണ്ട് വളർത്തുനായകളും ചത്തു.
പൊലീസ് അന്വേഷണം ആരംഭിച്ചു. മേയർ ഉൾപ്പെടെയുള്ളവരും സ്ഥലത്ത് എത്തി. പയ്യാമ്പലം ബീച്ചിനോട് ചേർന്നുള്ള റിസോർട്ടിലാണ് സംഭവം. റിസോർട്ടിന്റെ താഴത്തെ നിലയിലെ മുറിയിൽ പൂർണമായും തീ പടർന്നു. തീ കൊളുത്തിയശേഷം ഇയാൾ ഓടിപ്പോയി സമീപത്തെ പൂട്ടിയിട്ട വീട്ടിലെ കിണറ്റിന് മുകളിൽ തൂങ്ങി മരിക്കുകയായിരുന്നു. വാരം സ്വദേശി വിജിലിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. മുറിയിൽ പെട്രോൾ ഒഴിച്ച് ഗ്യാസ് സിലിണ്ടർ തുറന്നിട്ടാണ് തീ കൊളുത്തിയത്.