ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുന്നു. ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണെന്ന് മോഹൻലാൽ പറഞ്ഞതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത ആയത്.
ബറോസിൻ്റെ തമിഴ് വേർഷൻ്റെ റിലിസിൻ്റെ ഭാഗമായി ഗലാട്ടക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻ ലാൽ മനസ് തുറന്നത്.
മോഹൻലാൽ പറഞ്ഞത് ഇങ്ങനെ ” ഒന്നാം ഭാഗത്തിനും ആറ് വർഷത്തിന് ശേഷം ഞങ്ങൾ ദൃശ്യം 2 പ്ലാൻ ചെയ്തപ്പോൾ കോവിഡ് വന്നു. എന്നാൽ ആ കോവിഡും ദൃശ്യം രണ്ടാം ഭാഗവും മലയാള സിനിമക്ക് തുറന്ന് നൽകിയത് വലിയ വാതിലുകളാണ്. കാരണം ലോകത്താകമാനമുള്ള പ്രേക്ഷകർ ദൃശ്യം കണ്ടു. ലൂസിഫറിനായി ഞാൻ ഗുജറാത്തിൽ പോയപ്പോൾ ഫ്ലൈറ്റിൽ വെച്ച് മോഹൻലാൽ അല്ലേ, ദൃശ്യം എന്നൊക്കെ ഗുജറാത്തികൾ എന്നോട് വന്നു സംസാരിച്ചു. ദൃശ്യം 2 കണ്ടതിന് ശേഷം നിരവധി പേരാണ് മലയാളം സിനിമകൾ കാണാൻ ആരംഭിച്ചത്. മലയാളത്തിനെ പാൻ ഇന്ത്യനാക്കിയ പടമാണ് ദൃശ്യം. ഇപ്പോൾ ഞങ്ങൾ ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണ്’,
ഒരു കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് ജിത്തു ജോസഫിൻ്റെ ദൃശ്യത്തിൻ്റെ പ്രമേയം. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം വൻ ഹിറ്റായി. തുടർന്ന് 2021 ൽ ദൃശ്യം 2 ഇറങ്ങി.
ഒ.ടി.ടി റിലീസ് ആയി ഇറങ്ങിയ രണ്ടാം ഭാഗവും വിദേശ രാജ്യങ്ങളിൽ പോലും തരംഗമായി.ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷയിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.