
ക്രിസ്മസ് കൈക്കൂലി; എക്‌സൈസ് ഇൻസ്‌പെക്ടറിൽ നിന്ന് 74,000 രൂപയും 10 കുപ്പി മദ്യവും പിടിച്ചെടുത്തു
തൃശൂരിൽ എക്‌സൈസ് ഉദ്യോഗസ്ഥനിൽ നിന്ന് അനധികൃത പണവും വാഹനത്തിൽനിന്ന് 10 കുപ്പി മദ്യവും പിടികൂടി. തൃശൂർ എക്‌സൈസ് ഇൻസ്‌പെക്ടർ അശോക് കുമാറിന്റെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് വിലകൂടിയ മദ്യവും പണവും പിടികൂടിയത്. ഇൻസ്‌പെക്ടറുടെ കൈയിൽ നിന്ന് 32,000 രൂപയും വാഹനത്തിൽനിന്ന് 42,000 രൂപയും കണ്ടെത്തി.
മദ്യവും പണവും കേക്കുമാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയിരുന്നതെന്ന് അറിഞ്ഞാണ് വിജിലൻസ് ടീം റെയ്ഡ് നടത്തിയത്.
വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തി ഇത്രയും വലിയ കൈക്കൂലി കണ്ടെത്തിയിരിക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് വിവിധ ബാർ മുതലാളിമാരിൽ നിന്നാണ് ഇത്തരം സാധനങ്ങൾ വാങ്ങിവെച്ചതെന്നാണ് കരുതുന്നത്.
4000 രൂപയാണ് തന്റെ കൈവശം ഉള്ളതെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥൻ വിജിലൻസ് സംഘത്തോട് പറഞ്ഞത്. ഓഫീസിലെ കണക്കിൽ രേഖപ്പെടുത്തിയതും ഇതേ തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ഓഫീസിൽനിന്ന് 36,000 രൂപ കണ്ടെത്തി. 32,000 രൂപ അധികമുള്ളതാണെന്ന് വ്യക്തമായി. തുടർന്നായിരുന്നു ഔദ്യോഗിക വാഹനത്തിൽ പരിശോധന. വണ്ടിയുടെ കാർപെറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് 42,000 രൂപ കണ്ടെത്തിയത്.