തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച ആയമാർക്ക് ജാമ്യമില്ല. ആയമാരായ എസ്.കെ. അജിത , എൽ. മഹേശ്വരി, സിന്ധു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്സോ കോടതി തള്ളിയത്.
മൂത്രമൊഴിച്ചതിന് കുട്ടിയുടെ ജനനേന്ദ്രീയത്തിൽ ഉൾപ്പെടെ പരിക്കേൽപ്പിച്ചെന്നാണ് ഇവർതിരെയുള്ള കേസ്. ശിശു ക്ഷേമ വകുപ്പിലെ താത്‌കാലിക ആയമാരാണ് ഇവർ.
ശിശു ക്ഷേമ ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. മറ്റൊരു ആയ കുളിപ്പിക്കുന്നതിനിടയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ മുറിവ് കണ്ടെത്തിയത്. പിന്നാലെ തന്നെ ഇവർ ജനറല്‍ സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയായിരുന്നു.
അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് കഴിഞ്ഞ മാസം 21 മുതല്‍ 30 വരെ കുഞ്ഞിനെ പരിചരിച്ചിരുന്നത്. ഈ സമയത്താണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ഇവര്‍ ഉപദ്രവിച്ചത്. അജിതയാണ് ജനനേന്ദ്രിയത്തിലും സ്വകാര്യഭാഗങ്ങളിലും മുറിവേല്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതുപ്രകാരമാണ് പോക്‌സോ ചുമത്തിയത്.