
ഇപി ജയരാജന്റെ പ്രവർത്തനത്തിലെ പോരായ്മ പരിഹരിക്കാൻ ശ്രമിച്ചിട്ട് വിജയിച്ചില്ലെന്ന് എംവി ഗോവിന്ദൻ
സിപിഎമ്മിനെയും ഇടതുമുന്നണിയെയും നിരന്തരം പ്രതിസന്ധിയിലാക്കിയ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിനെക്കുറിച്ച് വിശദീകരിച്ച് എം.വി. ഗോവിന്ദൻ. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ജയരാജനെ ഒഴിവാക്കിയത് പ്രവർത്തന രംഗത്തെ പോരായ്മ കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്നെ ഇപിയുടെ പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടായിരുന്നെന്നാണ് വിശദീകരണം.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ചയ്ക്കുള്ള മറുപടിയിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. ജയരാജന്റെ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ അത് വിജയം കണ്ടില്ല. പിന്നീട് തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങൾ ഉണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപി ജയരാജനെ പദവിയിൽ നിന്ന് മാറ്റിയതെന്നും എംവി ഗോവിന്ദൻ ജില്ലാ സമ്മേളനത്തിൽ വിശദീകരിച്ചു.
പാർട്ടിയുടെ തെറ്റുതിരുത്തൽ നടപടികൾ തിരുവനന്തപുരത്തെ പാർട്ടിയിൽ കൃത്യമായി നടന്നിട്ടില്ല. മധു മുല്ലശ്ശേരിയെപ്പോലുള്ളവർ പാർട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്ത് തുടർന്നത് ഇതുമൂലമാണ്. അദ്ദേഹം പിന്നീട് ബിജെപിയിലേക്ക് പോയി. ഇത്തരം വ്യതിയാനങ്ങൾ പാർട്ടി നേതൃത്വത്തിന് തിരിച്ചറിയാൻ കഴിയാതെ പോയെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ വീണ്ടും തെരഞ്ഞെടുത്തു. എട്ടുപുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചു. എംഎൽഎമാരായ ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, ഒഎസ് അംബിക, മേയർ ആര്യാ രാജേന്ദ്രൻ, ആർപി ശിവജി, ഷീജ സുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയാണ് ഇ.പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിൽ നടത്തിയ കൂടിക്കാഴ്ച പുറത്തുവന്നത്. ഇതോടെയാണ് ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റാൻ സിപിഎം നിർബന്ധിതമായത്.