
കോതമംഗലം നെല്ലിക്കുഴിയിൽ ആറുവയസ്സുകാരി മുസ്‌കാനെ അവളുടെ രണ്ടാനമ്മ നിഷ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താലാണെന്ന് പോലീസ്. ഉത്തർപ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ മകളാണ് മരിച്ചത്. അജാസിന്റെ ആദ്യ ഭാര്യയിലെ മകളായിരുന്നു മുസ്‌കാൻ.
നിഷ, അജാസിന്റെ രണ്ടാം ഭാര്യയും ഗർഭിണിയുമായിരുന്നു. കുഞ്ഞ് ജനിക്കുന്നതോടെ മുസ്‌കാൻ തങ്ങളുടെ ജീവിതത്തിന് തടസമാകുമെന്ന ഭയം നിഷയെ കൊലപാതകത്തിലേക്ക് നയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അജാസിന് കേസിൽ പങ്കില്ലെന്ന് പോലീസ് കണ്ടെത്തി. നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അജാസ് ഖാൻ ആറ് മാസം മുമ്പ് ആദ്യ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് മുസ്‌കാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതായി തെളിഞ്ഞു. പോലീസ് ചോദ്യം ചെയ്യലിൽ നിഷ കുറ്റം സമ്മതിച്ചു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേൽക്കുന്നില്ല എന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞത്. പോലീസ് വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് കൊലപാതകം തെളിഞ്ഞത്
നിഷയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. അടുത്തിടെ അജാസ് ഖാനുമായി വിവാഹം കഴിച്ച നിഷ വീണ്ടും ഗർഭിണിയായിരുന്നു. പുതിയ കുഞ്ഞിനൊപ്പം ഭാവി ജീവിതത്തിന് കുട്ടി തടസ്സമാകുമെന്ന ഭയത്താലാണ് മുസ്‌കാനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക മൊഴിയിൽ അവർ സമ്മതിച്ചു. എന്നാൽ, തുടർന്നുള്ള ചോദ്യം ചെയ്യലിൽ, മന്ത്രവാദത്തിൻ്റെയും മറ്റ് അന്ധവിശ്വാസങ്ങളുടെയും സംശയത്തിന് ഇടയാക്കുന്ന വിവരങ്ങൾ പോലീസ് കണ്ടെത്തി.