മുൻ മന്ത്രിയും ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി.രവിയെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്. ലെജിസ്ലേറ്റീവ് കൗൺസിലിൽ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ അശ്ലീല പരാമർശം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. സഭയ്ക്കകത്തും പുറത്തും പ്രതിഷേധങ്ങൾക്കും രൂക്ഷമായ രംഗങ്ങൾക്കും കാരണമായതോടെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ശീതകാല സമ്മേളനം അവസാനിപ്പിച്ചു.
വിഷയം നിയമസഭയിലും ഉന്നയിക്കപ്പെട്ടതോടെ ബിജെപി അംഗങ്ങളുടെ ബഹിഷ്‌കരണത്തിനിടയിൽ വിഷയം സമാന്തരമായി സ്പീക്കർ യു.ടി. ഖാദർ സഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹിരേബാഗേവാഡി സ്റ്റേഷൻ പോലീസ് ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 75, 79 എന്നിവ പ്രകാരമാണ് സിടി രവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തെച്ചൊല്ലിയുള്ള ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചപ്പോഴായിരുന്നു സംഭവം. ഭരണ-പ്രതിപക്ഷ അംഗങ്ങൾ അംബേദ്കറെ അപമാനിക്കുന്നുവെന്ന് പരസ്പരം മുദ്രാവാക്യം വിളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. സഭ നിർത്തിവച്ചെങ്കിലും അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഒരു ഘട്ടത്തിൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലഹരിമരുന്നിന് അടിമയാണെന്നു രവി ആരോപിച്ചിരുന്നു.
അതോടെ, ലക്ഷ്മി ഹെബ്ബാൾക്കർ രവിയെ കൊലയാളിയെന്നു വിളിച്ചു. രവിയുടെ കാർ ഇടിച്ച് 2 പേർ മരിച്ച സംഭവത്തെ സൂചിപ്പിച്ചായിരുന്നു ഇത്. പ്രകോപിതനായ രവി, ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ആവർത്തിച്ച് മോശം പരാമർശം നടത്തുകയായിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് അവർ.
അതിനിടെ, ലക്ഷ്മി ഹെബ്ബാൾക്കറുടെ അനുയായികൾ നിയമസഭാ മന്ദിരത്തിലേക്കു കടന്നുകയറി സി.ടി.രവിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. വിധാൻ സൗധയ്ക്കു പുറത്തു പാർക്ക് ചെയ്തിരുന്ന രവിയുടെ കാറും പ്രതിഷേധക്കാർ അടിച്ചുതകർത്തു. ഇരുസംഭവങ്ങളിലുമായി ഇരുപത്തഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.