
ആശ്വാസ കിരണം: ബജറ്റിൽ പ്രഖ്യാപിച്ചത് 50 കോടി, കെ.എൻ. ബാലഗോപാൽ കൊടുത്തത് 8.06 കോടി
2025 ലെ ബജറ്റിനുവേണ്ടിയുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ ബജറ്റിൽ ബാലഗോപാൽ പ്രഖ്യാപിച്ചതും അതിൻ്റെ നിലവിലെ അവസ്ഥയും പരിശോധിച്ച് മലയാളം മീഡിയ ലൈവ് 4 വാർത്തകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിരുന്നു.
ക്ഷേമ പെൻഷൻ, പങ്കാളിത്ത പെൻഷൻ, ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഷയങ്ങൾ, കെ.എസ് എഫ്. ഇ എന്നിവ സംബന്ധിച്ച് 2024- 25 ബജറ്റിലെ ബാലഗോപാലിൻ്റെ പ്രഖ്യാപനങ്ങളും അതിൻ്റെ നിലവിലെ അവസ്ഥയും ആണ് റിപ്പോർട്ട് ചെയ്തത്. 2024- 25 ൽ കെ.എൻ. ബാലഗോപാൽ 50 കോടി പ്രഖ്യാപിച്ച ആശ്വാസ കിരണം എന്ന പദ്ധതിയുടെ അവസ്ഥ ഒന്ന് പരിശോധിക്കാം.
പ്ലാനിംഗ് ബോർഡിൻ്റെ കണക്കുകൾ പ്രകാരം ആശ്വാസ കിരണം പദ്ധതിക്ക് ബാലഗോപാൽ അനുവദിച്ചത് വെറും 16.12 ശതമാനം മാത്രം. അതായത് 50 കോടി പ്രഖ്യാപിച്ചിട്ട് കൊടുത്തത് 8.06 കോടി മാത്രം. 19,963 പേരാണ് ആശ്വാസ കിരണം പദ്ധതിയിലെ ഗുണഭോക്താക്കൾ. 600 രൂപയാണ് പ്രതിമാസ പെൻഷൻ.
ഇതിന് പോലും പണം കൃത്യമായി കൊടുക്കാനാകാത്ത ധനമന്ത്രിയാണ് കെ.എൻ. ബാലഗോപാൽ.
എന്താണ് ആശ്വാസ കിരണം പദ്ധതി?
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ മുഖേന ധനസഹായം നല്കുന്ന പദ്ധതിയാണ് ആശ്വാസ കിരണം.