CrimeNews

80 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡനം; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവും മാതാവും അറസ്റ്റില്‍

കണ്ണൂര്‍: നാല് മാസം മുമ്പ് വിവാഹിതയായ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും റിമാന്റ് ചെയ്തു. കണ്ണൂര്‍ ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ 23 വയസ്സുകാരിയായ ഡെല്‍നയാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് സനൂപ് ആന്റണി (24), ഇയാളുടെ മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്തത്.

സ്ത്രീധനമായി 80 പവന്‍ വേണമെന്നാവശ്യപ്പെട്ട് വീട്ടില്‍ പോകണമെന്ന് പറഞ്ഞ് പ്രതികള്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇത് സഹിക്കാന്‍ വയ്യാതെ യുവതി ഭര്‍തൃഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലെത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്വന്തം വീട്ടില്‍ വച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുവതിയുടെ മരണം.

സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മാനസികമായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചെന്നാരോപിച്ച് ഡെല്‍നയുടെ കുടുംബം നേരത്തെ ആലക്കോട് പൊലീസില്‍ പരാതി നല്‍കി. ചികിത്സയിലിരിക്കെ കുന്ദമംഗലം മജിസ്ട്രേറ്റ് യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് സനൂപിനും സോളിക്കുമെതിരെ കേസെടുക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ ഡെല്‍ന മരിച്ചതോടെ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സനൂപിനെയും സോളിയേയും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *