CinemaInternational

ഇന്ത്യയിൽ ഏറ്റവും കളക്ഷനുള്ള രണ്ടാമത്തെ ചിത്രമായി സ്ത്രീ 2

2018 ൽ പുറത്തിറങ്ങിയ സ്ത്രീയുടെ രണ്ടാം ഭാഗമായ ചിത്രം റെക്കോർഡ് കളക്ഷനാണ് ഇന്ത്യയിൽ നിന്നും നേടുന്നത്. ആഗസ്റ്റ് 15 ന് പുറത്തിറങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടിക്കും മുകളിലാണ് ഇതുവരെ സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 523.50 കോടി നേടിയ ‘സ്ത്രീ 2’ ഷാരൂഖ് ഖാൻ ചിത്രമായ ‘പത്താൻ’, സണ്ണി ഡിയോൾ ചിത്രം ‘ഗദ്ദർ 2’ എന്നിവയെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്.

‘പത്താൻ’ 513 കോടിയും ‘ഗദ്ദർ 2’ 515 കോടിയുമാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഷാരൂഖ് ഖാൻ്റെ തന്നെ ചിത്രമായ ‘ജവാൻ’ ആണ് ഇനി ‘സ്ത്രീ 2’ വിൻ്റെ മുന്നിലുള്ള ചിത്രം. 555.50 കോടിയാണ് ജവാൻ ഇന്ത്യയിൽ നിന്ന് നേടിയത്. റിലീസ് ചെയ്തു നാലാം വാരാന്ത്യത്തിലും 23.00 മുതൽ 23.50 കോടി രൂപ കളക്ഷൻ നേടാൻ ‘സ്ത്രീ 2’ വിനായിട്ടുണ്ട്. ചിത്രം ജവാൻ മറികടന്ന് ഒന്നാമതെത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.

ആദ്യ ദിനം മാത്രം 55 കോടിയാണ് ‘സ്ത്രീ 2’ നേടിയത്. സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോയിൽ നിന്നുള്ള കളക്ഷൻ കൂടി കണക്കാക്കുമ്പോൾ അത് 64 കോടിയാകും. 2024 ൽ ഒരു ബോളിവുഡ് സിനിമക്ക് ലഭിച്ച ഏറ്റവും ഉയർന്ന ഓപണിങ് കൂടിയാണ് ‘സ്ത്രീ’യുടേത്. റിലീസ് ചെയ്ത് 10 ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയത്.

അമർ കൗശിക് സംവിധാനം ചെയ്ത ‘സ്ത്രീ 2’ മഡോക്ക് ഫിലിംസിൻ്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്. ‘സ്ത്രീ ‘2. ‘സ്ത്രീ’, ‘ഭേടിയാ’, ‘മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. രാജ്‌കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് ‘സ്ത്രീ 2’ വിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *