കരിമണൽ വ്യവസായി ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO). മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് ഒരു സേവനവും നൽകാതെ പണം നൽകിയിട്ടുണ്ടെന്നും ഇത് കൈക്കൂലിയാണോ എന്ന് കൂടുതൽ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും എസ്.എഫ്.ഐ.ഒ ഹൈക്കോടതിയിൽ വെളിപ്പെടുത്തി.
സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളെക്കുറിച്ച് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് എസ്.എഫ്.ഐ.ഒയുടെ ആരോപണങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് ഒരു സേവനവും നൽകാതെ തന്നെ പണം നൽകിയിട്ടുണ്ടെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചു. ഈ പണം ഉന്നതനായ രാഷ്ട്രീയ നേതാവിന് കൈക്കൂലി നൽകാനാണോ എന്നത് കൂടുതൽ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും എസ്എഫ്ഐഒ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മാധ്യമസ്ഥാപനങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും പണം നൽകിയതിനൊപ്പം ഭീകരസംഘടനകളുമായി ബന്ധമുള്ളവർക്കും സിഎംആർഎൽ പണം നൽകിയെന്നാണ് എസ്എഫ്ഐഒ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതിൽ കൂടുതൽ അന്വേഷണം ഏതുരീതിയിൽ വേണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും. രാഷ്ട്രീയ നേതാവിന് കൈക്കൂലി നൽകിയത് കാലിത്തീറ്റ കുംഭകോണത്തിന് തുല്യമാണെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു. 23ന് കേസിൽ വാദം തുടരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ സിഎംആർഎല്ലാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
ഇന്നാണ് ഹർജിയിൽ ദില്ലി ഹൈക്കോടതി വിശദമായ വാദം കേട്ടത്. മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആർഎൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വാദിച്ചിരുന്നു. ആദായ നികുതി സെറ്റിൽമെൻറ് കമ്മിഷൻ തീർപ്പാക്കിയ കേസിൽ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മിഷൻ ചട്ടപ്രകാരം നടപടികൾ രഹസ്യ സ്വഭാവത്തിലായിരിക്കണം, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടിയെന്നും സിഎംആർഎൽ ചോദിച്ചിരുന്നു.