മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്ന കാര്യം ആവർത്തിച്ച് തമിഴ്‌നാട്. ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതാണ് തമിഴ്‌നാട്ടുകാരുടെ സ്വപ്‌നമെന്നും ഇത് ഡിഎംകെ ഭരണത്തിൽ യാഥാർത്ഥ്യമാകുമെന്നും തമിഴ്‌നാട് ഗ്രാമ, തദ്ദേശ മന്ത്രി ഐ. പെരിയസാമി.
മഴക്കെടുതികൾ വിലയിരുത്താൻ തേനി സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ മുല്ലപ്പെരിയാർ പ്രതികരണം. ഡാമിലെ പ്രാധമിക അറ്റകുറ്റപ്പണികൾ നടത്താൻ കഴിഞ്ഞ ദിവസം കേരളം തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി കേരളത്തിൽ വൈക്കം സന്ദർശന വേളയിൽ ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് പിന്നാലെയായിരുന്നു ഉപാധികളെടെയുള്ള അനുമതി.
ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നൽകിയത്. അണക്കെട്ടിലും സ്പിൽവേയിലും സിമന്റ് പെയിന്റിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണു തമിഴ്നാട് നടത്തുന്നത്. പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്കു മാത്രമാണ് അനുമതി നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ഇടുക്കി എംഐ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫിസർമാരുടെയോ സാന്നിധ്യത്തിൽ മാത്രമേ പണികൾ നടത്താവൂ. നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കണം. വനനിയമങ്ങൾ പാലിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിൽ മാത്രമായിരിക്കും വാഹനങ്ങൾക്ക് അനുമതി.