മദ്യശാലക്ക് മുന്നിലുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ മൂന്നുപേർ ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട റാന്നി മന്ദമാരുതിയിലാണ് സംഭവം. ചേതോങ്കര സ്വദേശി അമ്പാടിയാണ് കൊല്ലപ്പെട്ടത്. പ്രതികളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിലാണ് ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിന് മുന്നിലെ തർക്കവും പിന്നീട് കൊലപാതകവും. ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോർപ്പറേഷന് മുന്നിൽ തർക്കമുണ്ടായി. പിന്നീട് രണ്ടുകൂട്ടർ തമ്മിൽ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ മൂന്നു പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ആദ്യം അപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. തുടർന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തിൽ കാർ ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.
പോലീസ് അറിയിക്കുന്നത് ഇങ്ങനെ: കഴിഞ്ഞദിവസം രാത്രിയിൽ റാന്നിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ സംഘം ചേർന്ന് യുവാക്കൾ തർക്കത്തിലേർപ്പെട്ടു. ഇത് പിന്നീട് അടിപിടിയിലേക്ക് വഴിമാറി. ഇതിനുപിന്നാലെയാണ് അമ്പാടിയെ വാഹനംകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. അജോയ്, അരവിന്ദ്, ശ്രീക്കുട്ടൻ എന്നിവരാണ് സംഭവത്തിലെ പ്രതികൾ.
സംഭവത്തിൽ പങ്കുള്ള മൂന്ന് പേർക്കായി അന്വേഷണം നടത്തുകയാണെന്ന് റാന്നി പൊലീസ് അറിയിച്ചു. ആദ്യ ഘട്ടത്തിലെ വിവരമനുസരിച്ച് ഇതൊരു അപകട മരണമാണെന്നായിരുന്നു കരുതിയത്. എന്നാൽ കൂടുതൽ അന്വേഷണത്തിനൊടുവിലാണ് ബിവറേജസിന് മുന്നിൽ വഴക്കുണ്ടായതായും ഇതിന്റെ തുടർച്ചയായി ചിലർ വണ്ടി ഇടിപ്പിച്ചതാണ് എന്നുമുള്ള ദൃക്‌സാക്ഷി മൊഴി പൊലീസിന് ലഭിക്കുന്നത്. ഇതോടെ കൊലപാതകത്തിന് കേസെടുത്തതായാണ് പൊലീസ് നൽകുന്ന വിവരം.
പ്രതികൾ അമ്പാടിയ്‌ക്ക് പരിചയമുള്ളവർ തന്നെയാണെന്നും രാത്രി ഏറെ വൈകി നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതെന്നുമാണ് വിവരം. കൊലയ്‌ക്ക് ശേഷം മൂന്ന് യുവാക്കളും കാർ ഉപേക്ഷിച്ച് ഒളിവിൽ പോയി. നടന്നത് ഗ്യാങ്‌വാറാണെന്നും ആദ്യം മടങ്ങിപ്പോയ യുവാക്കൾ പിന്നീട് രണ്ട് കാറിലായി മന്ദമരുതിയിലേക്ക് മടങ്ങിയെത്തിയെന്നും പൊലീസ് പറയുന്നു.
ഒരു കാറിൽ നിന്നും അമ്പാടി പുറത്തിറങ്ങിയതും രണ്ടാമത് ഗ്യാങ്ങിലുള്ളവർ കാറിൽ അതിവേഗം എത്തി അമ്പാടിയെ ഇടിച്ചിട്ടു. പിന്നെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ ശേഷം കടന്നുകളയുകയായിരുന്നു.