കൊല്ലത്ത് 300 കോടിയുടെ ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും: ധരണാപത്രം ഒപ്പിട്ടു

Kollam Oceanarium and Marine Biological Museum

കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി ഷേയ്ക്ക് പരീത്, പദ്ധതിയുടെ ട്രാൻസാക്ഷൻ അഡൈ്വസറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആൻഡ് യങ്ങിന്റെ മാനേജിങ് പാർട്ണർ സത്യം ശിവം സുന്ദരം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും അനുവദിച്ചിരുന്നു.

ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, ഫഷറീസ് ഡയറക്ടർ അബ്ദുൾ നാസർ, തീരദേശ വികസന കോർപറേഷൻ എൻജിനിയർ ടി വി ബാലകൃഷ്ണൻ, ഏണസ്റ്റ് ആൻഡ് യങ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് നമൻ മോഗ്ങ എന്നിവർ പങ്കെടുത്തു.

മത്സ്യ ടൂറിസം രംഗത്ത് അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിക്കാട്ടുന്നതിനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവത്ക്കരണവും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ ആദ്യത്തെ ബൃഹത് സംരംഭമാണ് കൊല്ലത്ത് യാഥാർത്ഥ്യമാകുന്നത്.

സംസ്ഥാനത്തെ സമുദ്ര തീരത്തെയും സമൃദ്ധമായ സസ്യ ജൈവ ജാലത്തെയും ശാസ്ത്രീയവും സാംസ്‌കാരികവുമായ നിലയിൽ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പായി പദ്ധതി മാറുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രിയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകൽപ്പന. ടൂറിസം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.

സമുദ്രത്തിന്റെ ജൈവ പൈതൃകത്തെ അതിന്റെ സങ്കീർണമായ ശാസ്ത്രീയ രഹസ്യങ്ങളെ വിശദീകരിക്കുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസാനുസൃത കേന്ദ്രമായും ‘ഓഷ്യനേറിയം പ്രവർത്തിക്കും. മത്സ്യ പവിലിയനുകൾ, ടച്ച് ടാങ്കുകൾ, തീം ഗാലറികൾ, ടണൽ ഓഷ്യനേറിയം, ആംഫി തിയറ്റർ, സൊവിനിയർ ഷോപ്പുകൾ, മർട്ടി മീഡിയ തിയറ്റർ, മറൈൻ ബയോളജിക്കൽ ലാബ്, ഡിസ്‌പ്ലേ സോൺ, കഫറ്റേരിയ എന്നിവയൊക്കെയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ഗവേഷകർക്കും പഠന കേന്ദ്രം തുറക്കപ്പെടും.

കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡൽ ഏജൻസി. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത, വിശദമായ മാതൃകാ പഠനം, വിശദ പദ്ധതി രേഖ തയ്യാറാക്കൽ, കൺസഷനറെ തെരഞ്ഞെടുക്കൽ, പദ്ധതി പൂർത്തീകരണം വരെയുളള സാങ്കേതിക സഹായം എന്നീ ചുമതലകൾക്കായാണ് ട്രാൻസാക്ഷൻ അഡൈ്വസറായി ഏണസ്റ്റ് ആൻഡ് യങ് പ്രവർത്തിക്കുക. മത്സാധിഷ്ടിത ടെണ്ടറിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. നടപടി ക്രമങ്ങൾ പുർത്തീകരിച്ച് എത്രയും പെട്ടെന്ന് പദ്ധതി നിർവഹണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ് ലക്ഷ്യം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments