കല്യാണം കഴിഞ്ഞ നാലാം ദിവസം യുവാവിനെ ഭാര്യയും ബന്ധുവായ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. കാറിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ കൊലപാതകത്തിന് പദ്ധതിയിട്ടത് പായലാണെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച പായലിനെ വീട്ടിൽ നിന്ന് കൊണ്ടുവരുന്നതിനായി പുറപ്പെട്ടതാണ് ഭവിക്.
കാണാതായതോടെ പായലിന്റെ പിതാവ് ഭവികിന്റെ പിതാവിനെ വിളിച്ച് അന്വേഷിച്ചു. മകൻ ഇവിടെ നിന്ന് നേരത്തെ ഇറങ്ങിയതാണെന്ന് പിതാവ് അറിയിച്ചു. തുടർന്ന് പായലിന്റെ ബന്ധുക്കൾ തെരച്ചിൽ നടത്തുകയും ഭവികിന്റെ ബൈക്ക് റോഡിൽ കിടക്കുന്നതും കണ്ടെത്തി. കാറിടിപ്പിച്ച് വീഴ്ത്തി വാഹനത്തിലുണ്ടായിരുന്ന ആളെ മൂന്ന്‌പേർ തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് പായലിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. വിവാഹം കഴിഞ്ഞ് നാലാം ദിവസമുള്ള തട്ടിക്കൊണ്ടുപോകലിൽ സംശയം തോന്നിയ പൊലീസ്, പായലിനെ ചോദ്യം ചെയ്തു. തുടർന്ന് മൂന്ന് പ്രതികളെയും പിടികൂടി ചോദ്യം ചെയ്തു. പായലിന്റെ കാമുകൻ കൽപേഷും മറ്റു രണ്ടുപേരും ചേർന്നാണ് കൃത്യം നടത്തിയത്. ഭവികിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അടുത്തുള്ള കനാലിൽ തള്ളി. ഭവിക് വരുന്ന വഴിയും മറ്റുവിവരങ്ങളും കൽപേഷിന് കൈമാറിയത് പായലാണ്. കൽപേഷും പായലും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാർ വിവാഹം ഉറപ്പിക്കുകയായിരുന്നു.