CrimeNews

യുവതിയെ ഭർതൃസഹോദരൻ ക്രൂരമായി കൊലപ്പെടുത്തി; കാരണം പ്രണയാഭ്യർത്ഥന നിരസിച്ചത്‌

കൊൽക്കത്ത നഗരത്തെ ഞെട്ടിച്ച് അരുംകൊല. പ്രണയാഭ്യർത്ഥന നിരസിച്ചതിന് 30 വയസ്സുള്ള യുവതിയെ ഭർതൃ സഹോദരൻ ക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റുകയും ശരീരം കഷ്ണങ്ങളാക്കി ചവറുകൂനയിൽ വലിച്ചെറിയുകയുമായിരുന്നു. ടോളിഗഞ്ച് പ്രദേശത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് നാട്ടുകാർ തല കണ്ടെത്തിയത്.

യുവതിയെ കൊലപ്പെടുത്തിയ അതിയൂർ റഹ്‌മാൻ ലസ്‌കർ എന്ന കെട്ടിടനിർമാണത്തൊഴിലാളി പോലീസ് പിടിയിലായിട്ടുണ്ട്. ലസ്‌കറിന്റെ സഹോദരൻ യുവതിയുടെ മുൻ ഭർത്താവാണ്. രണ്ട് വർഷമായി യുവതി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ്. ലസ്‌കർ ജോലി ചെയ്തിരുന്ന പ്രദേശത്ത് തന്നെയാണ് യുവതിയും വീട്ടുജോലി ചെയ്തിരുന്നത്.

യുവതിയോട് ലസ്‌കർ കഴിഞ്ഞ കുറേക്കാലമായി പ്രണയാഭ്യർത്ഥന നടത്തിവരികയായിരുന്നു. ഇത് നിരന്തരം നിരസിച്ച യുവതി ഫോണിൽ ഇയാളെ ബ്ലോക്ക് ചെയ്തു. ഇതാണ് പ്രകോപനത്തിന് കാരണമായത്. പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന വ്യാജേന നിർമാണത്തിലിരുന്ന കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി ഇയാൾ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

എന്നിട്ടും കലിയടങ്ങാതെ തലയറുത്ത് കഷ്ണങ്ങളാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ തല നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലസ്‌കറിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *