പത്തനംതിട്ട മല്ലശ്ശേരിയില്‍ നവദമ്പതികളും ബന്ധുക്കളും വാഹനാപകടത്തില്‍ മരിച്ചു. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ശബരില തീർഥാടകരുമായി സഞ്ചരിച്ച ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 4.30ന് പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലാണ് അപകടമുണ്ടായത്.
നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയില്‍ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും പിതാക്കന്മാരും അപകടത്തിൽ മരിച്ചു. യുകെയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എം എസ് ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു.
അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട് എത്തുന്നതിന് 7 കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് ഉറ്റവരുടെ ജീവൻ പൊലിഞ്ഞ വാർത്ത ഹൃദയഭേദകമായിരുന്നു.
അമിതവേഗതയിൽ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടകാരണം എന്നാണ് സംശയിയിക്കുന്നത്. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. ഈപ്പന്‍ മത്തായിയിരുന്നു മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും.
പുനലൂർ-മൂവാറ്റുപുഴ റോഡിലെ അപകടം പതിവായി സംഭവിക്കുന്നതായി നാട്ടുകാർ പറയുന്നു. റോഡിന് വീതി കുറവാണെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അപകടം സംഭവിച്ച സമയത്ത് ബസിൽ തെലങ്കാനയിൽ നിന്നുള്ള 19 ശബരിമല തീർഥാടകരുണ്ടായിരുന്നു. കാർ ബസിന്റെ വലതു വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട നാല് പേരിൽ അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.