സംസ്ഥാന നിയമസഭാംഗങ്ങൾക്ക് പെൻഷൻ നൽകാൻ ഒരു വർഷം ചെലവഴിക്കുന്നത് 13.38 കോടി രൂപയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2022- 23ൽ പെൻഷന് ചെലവായത് 13.08 കോടി ആയിരുന്നു. എം.എൽ.എ കസേരയിൽ 2 വർഷം പൂർത്തിയായാൽ പെൻഷൻ ലഭിക്കും.
2 വർഷം പൂർത്തിയായാൽ 8000 രൂപയാണ് പെൻഷൻ. 5 വർഷം പൂർത്തിയായാൽ 20,000 രൂപ പെൻഷൻ ലഭിക്കും. പിന്നിട്ടുള്ള ഓരോ വർഷത്തിനും 1000 രൂപ വീതം പെൻഷനിൽ വർധന ഉണ്ടാകും. പരമാവധി പെൻഷൻ 50,000 രൂപയാണ്. കൂടാതെ മെഡിക്കൽ അലവൻസ്, സൗജന്യ സഞ്ചാര കൂപ്പൺ എന്നിവയും ലഭിക്കും.
എം.എൽ.എമാർക്കും ശമ്പളവും ആനുകൂല്യങ്ങളും ആയി ലഭിക്കുന്നത് പ്രതിമാസം 70,000 രൂപയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഉയർത്താനുള്ള ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് ശമ്പളം: 295.64 കോടി
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശമ്പളമായി 295.64 കോടി രൂപ നൽകിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.. 2016-17 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വരെയുള്ള കണക്കാണിത്.
2016-17 ൽ 30.64 കോടിയായിരുന്നു ഇവരുടെ ശമ്പളം. 2023- 24 ൽ ഇവരുടെ ശമ്പളം 46.26 കോടി ആയി ഉയർന്നു എന്നും ബാലഗോപാൽ നിയമസഭ മറുപടിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കാണ് ഏറ്റവും കൂടുതൽ പേഴ്‌സണൽ സ്റ്റാഫ് ഉള്ളത്. 33 പേരാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ളത്.
മന്ത്രിമാർക്കെല്ലാം 25 പേഴ്‌സണൽ സ്റ്റാഫ് വീതവും ഉണ്ട്. ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളമാണ് പേഴ്‌സണൽ സ്റ്റാഫിലെ രാഷ്ട്രിയ നിയമനക്കാരുടെ ഏറ്റവും ഉയർന്ന ശമ്പളം. എന്നാൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനും മീഡിയ സെക്രട്ടറി പ്രഭാവർമയ്ക്കും ഡെപ്യൂട്ടി സെക്രട്ടറിക്ക് മുകളിലുള്ള ശമ്പളമാണ് ലഭിക്കുന്നത്.
2 വർഷം സർവീസുള്ള പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷനും ലഭിക്കും. സർവീസ് ദൈർഘ്യം കൂടുന്നതനുസരിച്ച് പെൻഷനും വർദ്ധിക്കും. പേഴ്‌സണൽ സ്റ്റാഫിലെ കാലാവധി കഴിയുമ്പോൾ സർക്കാർ ജീവനക്കാർ വിരമിക്കുമ്പോൾ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും.