ഫരിദബാദില്‍ വിവാഹ പാർട്ടിയിൽ ഭക്ഷണം വിളമ്പുന്നത് വൈകിയെന്ന് ആരോപിച്ച് വെയ്റ്ററെ വെടിവെച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫരിദബാദ് പോലീസ് അറസ്റ്റ് ചെയ്തു.
ഫരിദബാദ് സൈനിക കോളനിയിൽ നടന്ന കല്യാണ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. ബാദ്ഖലിൽ താമസിക്കുന്ന ഇംറാൻ ഖാൻ നൽകിയ പരാതി പ്രകാരം, അദ്ദേഹത്തിന്റെ അമ്മാവൻ മുബാറക് ബാദ്ഷാ അദർശ് കോളനിയിലെ ഒരു റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി, തന്റെ കരാറുകാരനായ ഫഖറുദ്ദീന്റെ നിർദ്ദേശപ്രകാരം, സൈനിക കോളനിയിലെ ജെ ലഖാനിയുടെ വിവാഹത്തിൽ ജോലി ചെയ്യാൻ അദ്ദേഹം പോയി.
‘പരിപാടിക്കിടെ, മോഹിത് എന്നയാൾ തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അവർ വെയിറ്റർ മുബാറക്കിനോട് ചില ഭക്ഷണ ഇനങ്ങൾ മേശയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. മുബാറക് കുറച്ച് സമയമെടുത്തു, ഇതിൽ പ്രകോപിതനായ മോഹിത്തും സുഹൃത്തുക്കളും ചേർന്ന് മുബാറക്കിനെ ആക്രമിക്കുകയായിരുന്നു.
മുബാറക്കിന് നെഞ്ചിനാണ് വെടിയേറ്റത്. പിസ്റ്റൽ ഉപയോഗിച്ചാണ് മോഹിത് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റ മുബാറക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരാതിയെ തുടർന്ന് രണ്ട് പോലീസ് സംഘങ്ങൾ മണിക്കൂറുകൾക്കുള്ളിൽ മോഹിത്തെയും മോനു എന്ന മറ്റൊരുയാളെയും പിടികൂടി. ഇരുവരും നവാദ ഗ്രാമത്തിലെ സ്വദേശികളാണ്, നിലവിൽ സൈനിക കോളനിയിൽ താമസിക്കുന്നു. അറസ്റ്റിലായവരുടെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായാണ് ഇവർ എത്തിയത്.