ആലപ്പുഴയിലെ ചേപ്പാട് വലിയകുഴിയിൽ മദ്യലഹരിയിൽ അച്ഛനെ കുത്തിക്കൊന്ന മകൻ പൊലീസിന്റെ പിടിയിലായി. അരുൺ ഭവനത്തിൽ സോമൻ പിള്ള (62) ആണ് മരിച്ചത്. സംഭവത്തിൽ ഇദ്ദേഹത്തിൻ്റെ മകൻ അരുൺ എസ്. നായർ (29) കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ അരുണും സോമൻ പിള്ളയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഇരുവരും വീടിന് പുറത്തേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞ് അരുൺ വീട്ടിലെത്തി ഭാര്യയോട് അച്ഛൻ പുറത്ത് വീണു കിടക്കുന്നതായി പറഞ്ഞു. തുടർന്ന് ഉടൻ തന്നെ സോമൻ പിള്ളയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വീണ് പരിക്കേറ്റതായാണ് പറഞ്ഞിരുന്നത്.
എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സോമൻ പിള്ള മരിച്ചിരുന്നു. തുടർന്ന് പൊലീസ് അരുണിനെയും ഭാര്യയെയും അമ്മ പ്രസന്നകുമാരിയെയും മൊഴിയെടുക്കാനായി വിളിപ്പിച്ചു. അരുണിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് അരുൺ, സോമൻ പിള്ളയുടെ പുറത്ത് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതായി സമ്മതിച്ചത്.
ഇരുവരും വൈകിട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാൽ വീട്ടുകാർ സംഭവം ശ്രദ്ധിച്ചിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നാളെ നടക്കും.