
‘അനുകമ്പയും മനുഷ്യത്വവും കാണിക്കൂ’; വയനാടിനു വേണ്ടി പാര്‍ലമെന്റിനു മുന്നില്‍ കേരള എംപിമാര്‍
ന്യൂഡല്‍ഹി: പ്രകൃതി ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം.
ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ അണി നിരന്നത്. വയനാടിനു നീതി നല്‍കുക, ദുരിതാശ്വാസ പാക്കേജ് അനുവദിക്കുക എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി മകര്‍ദ്വാറിനു മുന്നില്‍ എംപിമാര്‍ നിലയുറപ്പിച്ചു. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുന്നത് കൂടാതെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയിലുൾപ്പെടെ പ്രതിഷേധം ഉയരുകയാണ്. വയനാട്ടില്‍ കേന്ദ്രസേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചോദിച്ചുള്ള കത്തിനെതിരെയും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ കേന്ദ്ര സമീപനം നിരാശാജനകമാണെന്നും രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയ സമീപനത്തോടെ കാണുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.