
തിരുവനന്തപുരം: നെടുമങ്ങാട് തേക്കടയിൽ മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിൽ ഗുരുതരാവസ്ഥയിലായിരുന്ന ഓമനയെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണികണ്ഠൻ മദ്യപിച്ച് വീട്ടിലെത്തുന്നത് പതിവായിരുന്നെന്നും, തുടർന്ന് ഓമനയുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ മദ്യലഹരിയിലായിരുന്ന മണികണ്ഠൻ അമ്മയെ ചവിട്ടിക്കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുമ്പും ഇയാൾ അമ്മയെ മർദിച്ചിരുന്നതായും നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.