കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ട്ടമായ ശ്രുതിക്ക് താങ്ങും തണലുമായി ജെൻസൻ്റെ അച്ഛൻ ജയൻ. മകൻ്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ശ്രുതിയെ കാണാൻ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ എത്തി.
ശ്രുതി തൻ്റെ മകളാണ് എന്നും, ഒരിക്കലും തനിച്ചാകില്ല എന്നും ജയൻ പറഞ്ഞു. തന്നെ കണ്ടപ്പോള്‍ ശ്രുതിക്ക് പപ്പ കുടെയുണ്ടല്ലോ എന്ന ആശ്വാസമുണ്ട്. അവളുടെ ഏത് ആഗ്രഹവും സാധിച്ചു നല്കാൻ കുടുംബം കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ശ്രുതി അനാഥയാകുമെന്നായിരുന്നു മോൻ്റെ പേടി. അവളുടെ കൂടെത്തന്നെ ഞാനും കുടുംബവും ഉണ്ടാകും. ഉരുള്‍പൊട്ടലിന് ശേഷം ഒരു നിമിഷംപോലും അവളെ ഒറ്റയ്ക്കാക്കാതെ അവൻ കൂടെയുണ്ടായിരുന്നു. യാഥാർത്ഥ്യങ്ങളോട് ശ്രുതി പതുക്കെ പൊരുത്തപ്പെട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രുതിയുടെ രണ്ട് കാലുകളിലും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തിരുന്നു.
ഇനി ശ്രുതിക്ക് സ്ഥിരം ജോലിയും വീടും വേണം. ശ്രുതിക്ക് ജോലി നല്കാൻ സർക്കാർ തയ്യാറാകണമെന്നും ജയൻ ആവശ്യപ്പെട്ടു. ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.