പാട്ന: ബിഹാറിൽ അധികാരത്തിലെത്തിയാൽ ഉടൻതന്നെ മദ്യനിരോധനം അവസാനിപ്പിക്കുമെന്ന് ജൻ സുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. ഈ വർഷം ഒക്ടോബർ രണ്ടിനു പ്രശാന്ത് കിഷോർ രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ജൻ സുരാജ് അധികാരത്തിലേറിയാൽ ഒരു മണിക്കൂറിനകം മദ്യനിരോധനം അവസാനിപ്പിക്കുമെന്നാണ് പ്രശാന്ത് ഉറപ്പ് നൽകുന്നത്. സ്ത്രീകളുടെ വോട്ട് കിട്ടിയാലും ഇല്ലെങ്കിലും മദ്യനിരോധനം നീക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
സമ്പൂർണ മദ്യനിരോധനം കാരണം ബിഹാർ സർക്കാരിനു പ്രതിവർഷം 20,000 കോടി രൂപയുടെ നികുതി വരുമാനമാണു നഷ്ടമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ മദ്യനിരോധനം കടലാസിൽ മാത്രമാണെന്നും മദ്യത്തിൻ്റെ ഹോം ഡെലിവറി നിർബാധം നടക്കുന്നുണ്ടെന്നും പ്രശാന്ത് ആരോപിച്ചു.
സ്ത്രീകളുടെ വോട്ടു കിട്ടിയാലും ഇല്ലെങ്കിലും ബിഹാറിൻ്റെ താൽപര്യത്തിനു വിരുദ്ധമായ മദ്യ നിരോധനത്തിനെതിരെ സംസാരിക്കുമെന്നു പ്രശാന്ത് കിഷോർ വ്യക്തമാക്കി. ബിഹാറിൽ 2016 ലാണ് നിതീഷ് കുമാർ സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തിയത്.
2022 ൽ പ്രശാന്ത് കിഷോർ ആരംഭിച്ച ജൻ സുരാജ് എന്ന ക്യാമ്പയിൻ രണ്ട് വർഷങ്ങൾക്ക് ഇപ്പുറം 2024 ൽ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞു. ഒക്റ്റോബർ 2 ഗാന്ധിജയന്തി ദിനത്തിലാകും പാർട്ടി പ്രഖ്യാപനം. രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ പേരെടുത്ത അദ്ദേഹം സ്വന്തമായി പാർട്ടി രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.