ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ഡി ഗുകേഷിനെതിരെ റഷ്യൻ ചെസ് ഫെഡറേഷൻ. ലോക ചാമ്പ്യനായിരുന്ന ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവ്വം തോറ്റുകൊടുത്തതാണെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവ്. ഇക്കാര്യം രാജ്യാന്തര ചെസ് ഫെഡറേഷൻ അഥവാ ഫിഡെ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. റഷ്യൻ വാർത്താ ഏജൻസികളോടാണ് ഫിലാത്തോവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
‘ചെസ് കളിയിലെ പ്രൊഫഷണലുകളിലും ആരാധകരിലും അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ് അവസാന ഗെയിമിന്റെ ഫലം. മത്സരത്തിന്റെ നിർണായക ഘട്ടത്തിലെ ചൈനീസ് താരത്തിന്റെ പ്രവൃത്തികൾ സംശയാസ്പദമാണ്. ഇക്കാര്യത്തിൽ ഫിഡെ പ്രത്യേക അന്വേഷണം നടത്തണം. ഡിങ് ലിറൻ തോൽവിയിലേക്കു നീങ്ങിയ, മത്സരത്തിന്റെ അത്തരമൊരു ഘട്ടത്തിൽ ഒരു ഫസ്റ്റ് ക്ലാസ് കളിക്കാരന് പോലും തോൽക്കാൻ ബുദ്ധിമുട്ടാണ്. ചൈനീസ് താരത്തിന്റെ തോൽവി ഒരുപാട് ചോദ്യങ്ങൾ ഉയർത്തുകയും ബോധപൂർവമായ ഒന്നായി തോന്നുകയും ചെയ്യുന്നു.’- ഫിലാത്തോവ് ആരോപിച്ചു.
നേരത്തെ, സമനിലയിലേക്ക് നീങ്ങുമെന്ന് കളിവിദഗ്ദർ വിലയിരുത്തിയ ഗെയിമിൽ അട്ടിമറിവിജയം നേടിയാണ് ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർ ഡി ഗുകേഷ് ലോക ചെസ് കിരീടം വീണ്ടും ഇന്ത്യയിലെത്തിച്ചത്. 14 ഗെയിമുള്ള ഫൈനലിലെ 13 ഗെയിം കഴിഞ്ഞപ്പോൾ ഇരുതാരങ്ങളും ആറര പോയിന്റുവീതംനേടി തുല്യനിലയിലായിരുന്നു. അവസാനത്തെ ഗെയിമിൽ വെള്ളക്കരുക്കളുമായി കളിച്ച ഡിങ് ലിറനായിരുന്നു തുടക്കത്തിൽ മുൻതൂക്കം. എന്നാൽ, സമയസമ്മർദത്തിൽ ചൈനീസ് താരത്തിന് 55-ാം നീക്കം പിഴച്ചു. എതിരാളിയുടെ അബദ്ധം മുതലെടുത്ത് ഗുകേഷ് വിജയത്തിലേക്കു മുന്നേറുകയായിരുന്നു.