പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കിനിടയിലും റീ ബിൽഡ് കേരള ഓഫിസിൻ്റെ വാടക വർദ്ധിപ്പിച്ചു. 2,32,638 രൂപയാണ് വാടക. 2019 ഏപ്രിൽ മുതൽ ആണ് റീ ബിൽഡ് കേരളക്കായി ഓഫിസ് വാടകക്ക് എടുക്കുന്നത്.
2019 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെ ഓഫിസ് വാടകയായി കൊടുത്തത് 1,32,84,773 രൂപയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള സ്വകാര്യ കെട്ടിടം 5 വർഷത്തേക്കായിരുന്നു വാടകക്ക് എടുത്തത്. തുടക്കം വാടക 1,56,083 രൂപ ആയിരുന്നു.
5 വർഷം കൊണ്ട് പ്രളയ പുനരധിവാസ പ്രവർത്തനം പൂർത്തിയാകും എന്നായിരുന്നു പ്രഖ്യാപനം. അതുകൊണ്ടാണ് 5 വർഷത്തെ കരാറിന് വാടകക്ക് എടുത്തത്. ഓരോ വർഷവും വാടകയിൽ 5 ശതമാനം വർധനവ് ഉണ്ടാകും എന്നും കരാറിൽ വ്യക്തമാക്കിയിരുന്നു. വാടകക്ക് പുറമെ ഓഫിസ് സൗകര്യം ഒരുക്കാൻ 43 ലക്ഷവും ചെലവായി.
കോവിഡ് കാലമായതിനാൽ 22 – 4-20 മുതൽ 22-4- 21 വരെ വാടകയിൽ വാർഷിക വർദ്ധന ഒഴിവാക്കിയിരുന്നു. 2021 ഏപ്രിലിൽ വാടക 1,63, 887 രൂപയായി ഉയർന്നു.12 കൺസൾട്ടൻ്റുമാരാണ് റീ ബിൽഡ് കേരളയിൽ ഉള്ളത്. ഇവരുടെ ശമ്പളം, മറ്റ് ഭരണ പരമായ ചെലവുകൾ എന്നിവക്കായി 13.65 കോടി ചെലവായി.
വാടകക്കും ശമ്പളത്തിനുമായി കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ 5 വർഷം കഴിഞ്ഞിട്ടും പൂർത്തിയായത് 10 ശതമാനം മാത്രം. റീ ബിൽഡ് കേരള ഓഫിസ് സ്ഥിതി ചെയ്യുന്ന സ്വകാര്യ കെട്ടിടത്തിലെ മറ്റൊരു ഫ്ലാറ്റിലാണ് വിവാദ നായകൻ ശിവശങ്കർ ഐ എ എസ് താമസിച്ചിരുന്നത്.
പൂജപ്പുരയിലെ സ്വന്തം വീട്ടിൽ പോകാത്ത ദിവസങ്ങളിൽ ശിവശങ്കർ തങ്ങിയിരുന്ന ഫ്ലാറ്റിൽ കേന്ദ്ര ഏജൻസികൾ സ്വപ്ന സുരേഷിനെ തെളിവെടുപ്പിന് കൊണ്ട് വന്നിരുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് ഫ്ലാറ്റിൽ തങ്ങിയതെന്നായിരുന്നു ശിവശങ്കറിൻ്റെ വിശദീകരണം.