ഗോവിന്ദൻ്റെ എംഎല്‍എ സ്ഥാനം മുതല്‍ ബാലൻ്റെ മരപ്പട്ടി പ്രയോഗം വരെ; കൊല്ലം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ ചോദ്യം

CPIM Kollam District conference

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിനിധികളുടെ ചോദ്യം. എം.വി. ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത്, ഇ.പി. ജയരാജന്റെ പ്രസ്താവനകള്‍, പണമില്ലാത്ത സർക്കാരിന്റെ ദുരവസ്ഥ, എ.കെ. ബാലന്റെ ‘മരപ്പട്ടി’ പ്രയോഗം ഒക്കെയും പ്രതിനിധികളുടെ ചോദ്യത്തിലുള്‍പ്പെട്ടു.

സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ തുടങ്ങിയ ചർച്ചയിലാണു സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിനിധികൾ വിമർശനം ഉയർത്തിയത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനെതിരെ പാർട്ടി നടപടിയെടുക്കാതിരുന്നത് എന്തെന്ന ചോദ്യവും ഉയർന്നു. തിരഞ്ഞെടുപ്പു വേളയിൽ കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ നടത്തിയ ‘മരപ്പട്ടി’ പ്രയോഗം വേണ്ടാത്തതായിരുന്നുവെന്നും വിമർശനം. വികസന ക്ഷേമപദ്ധതികൾക്ക് പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണെന്നും പ്രതിനിധികൾ ചോദിച്ചു.

സംസ്ഥാന സെക്രട്ടറിയായതിനു ശേഷം എം.വി.ഗോവിന്ദൻ കാസർകോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ജനകീയ പ്രതിരോധ ജാഥ തൃശൂരിലെത്തിയപ്പോൾ മൈക്ക് ഓപ്പറേറ്ററോടു തട്ടിക്കയറാനിടയായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദൻ വേദിയിലിരിക്കെയുള്ള പ്രതിനിധികളുടെ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും മൈക്ക് ഓപ്പറേറ്റർമാരോടു വരെ തട്ടിക്കയറുന്നു. സാധാരണ ജനങ്ങൾ ഇതു കണ്ടു കൊണ്ടിരിക്കുകയാണെന്ന് ഓർക്കണം.

ഇ.പി.ജയരാജന്റേത് കമ്യൂണിസ്റ്റ് രീതിക്കു ചേർന്നതല്ല. തിരഞ്ഞെടുപ്പ് ദിനത്തിലെ ജയരാജന്റെ വെളിപ്പെടുത്തൽ തിരിച്ചടിയായി. എംഎൽഎ ആയ എം.വി. ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതും വി.ജോയി തിരുവനന്തപുരത്തു ജില്ലാ സെക്രട്ടറിയായതും വിമർശനത്തിന് ഇടയാക്കി. എംഎൽഎ ആയ എം.വി.ഗോവിന്ദനു പാർട്ടി സംസ്ഥാന സെക്രട്ടറിയാകാം. എംഎൽഎ ആയ ജോയിക്കു ജില്ലാ സെക്രട്ടറിയാകാം. എന്നാൽ പഞ്ചായത്ത് അംഗമായ പാർട്ടിക്കാരനു ലോക്കൽ സെക്രട്ടറിയാകാൻ പാടില്ല. ഇതെങ്ങനെ ശരിയാകും എന്നായിരുന്നു ഒരു പ്രതിനിധിയുടെ ചോദ്യം.

സമ്മേളനം ഉദ്ഘാടനം ചെയ്ത പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രസംഗത്തിലെ പരാമർശങ്ങളെച്ചൊല്ലിയും വിമർശനമുയർന്നു. ശ്രീലങ്കയിൽ കമ്യൂണിസ്റ്റുകാർ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു മത്സരിച്ച് അധികാരം പിടിച്ചുവെന്നു പൊളിറ്റ് ബ്യൂറോ അംഗം പറയുമ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തുകൊണ്ട് അതിനു നേതൃത്വം കൊടുക്കാൻ കഴിയുന്നില്ല എന്നായിരുന്നു ചോദ്യം. ഇന്ത്യ മുന്നണിയുടെ നേതൃനിരയിലേക്ക് ഉയരാൻ സിപിഎമ്മിനു കഴിയുന്നില്ല. ദേശീയ തലത്തിൽ സിപിഎം പരാജയമാണ്. താഴോട്ടാണു വളർച്ച.

സീതാറാം യച്ചൂരി അന്തരിച്ചപ്പോൾ പകരം ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ കഴിയാത്ത പാർട്ടിയായി സിപിഎം മാറി. പാർട്ടി ഭരണഘടനയിൽ കോഓർഡിനേറ്റർ എന്ന പദവി ഉണ്ടോ ? സമരങ്ങൾ നടത്താനോ താഴേത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്താനോ കഴിയുന്നില്ല. ദേശീയ നേതാക്കൾ എന്നു പറഞ്ഞു ഡൽഹിയിൽ പോയിരിക്കുന്നവർക്ക് അവിടെ എന്താണു പണി ?– പ്രതിനിധി ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചും വിമർശനം ഉയർന്നു. ലൈഫ് പദ്ധതിയിലും ഇന്ദിര ആവാസ് യോജന (ഐഎവൈ) യിലും ഉൾപ്പെട്ടവരെ ഐഎവൈയിലേക്കു മാറ്റി ലൈഫ് പദ്ധതിയുടെ ഭാരം കുറയ്ക്കുകയാണു സർക്കാർ. ഇതു പരോക്ഷമായി ബിജെപിയെ സഹായിക്കലാണെന്നും വിമർശനമുയർന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments