തിരുവനന്തപുരം: പോത്തൻകോട് കൊയ്ത്തൂർക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. 69 വയസ്സുള്ള തങ്കമണിയുടെ മൃതദേഹം വീടിനു മുന്നിൽ നിന്നാണ് കണ്ടെത്തിയത്. പോത്തൻകോട് സ്വദേശി തൗഫീഖാണ് പിടിയിലായത്.
മോഷണത്തിനു വേണ്ടി തങ്കമണിയെ തൗഫീഖ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇന്ന് രാവിലെയാണ് വയോധികയുടെ മൃതദേഹം സഹോദരി കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെയാണ് സഹോദരി താമസിക്കുന്നത്. പൂജക്കുവേണ്ടി എല്ലാദിവസവും രാവിലെ നാല് മണിക്ക് പൂക്കൽ പറിക്കാൻ പോകുന്ന ശീലം തങ്കമണിക്ക് ഉണ്ടായിരുന്നു.
തങ്കമണിയുടെ സ്വർണക്കമ്മലുകൾ നഷ്ടപ്പെട്ടിരുന്നു. മൃതദേഹത്തിൽ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ശരീരത്തിലും പരുക്കുകളുണ്ട്. മോഷണശ്രമത്തിനിടെ തങ്കമണി പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴാവാം തൗഫീഖിനു മുറിവേറ്റതെന്നാണ് പൊലീസ് കരുതുന്നത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തൗഫിഖിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഇന്ന് പുലർച്ചെ ഇയാൾ ഷർട്ടിടാതെ ഈ പരിസരത്ത് നടക്കുന്നതായുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇയാൾക്കെതിരെ പോക്‌സോ കേസും കവർച്ചാ കേസുമുണ്ട്. തിരുവനന്തപുരം രാജാജി നഗറിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാൾ പോത്തൻകോട് എത്തിയത്. കൊലക്ക് പിന്നിലെ ലക്ഷ്യമെന്താണ് എന്നതടക്കമുള്ള കാര്യങ്ങൾക്ക് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.