മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ കിടക്കുന്നത് 923.02 കോടി. സിഎംഡിആർഎഫ് വെബ്‌സൈറ്റ് പ്രകാരം ഡിസംബർ ഏഴുവരെ 6780.59 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഇതുവരെ ചെലവഴിച്ചത് 5857.57 കോടി. മിച്ചം 923.02 കോടി.
2018, 2019 ലെ പ്രളയകാലത്ത് 4970.29 കോടിയാണ് ദുരിതാശ്വാസ നിധിയിൽ ലഭിച്ചത്. ഇതിൽ 4738.77 കോടി ചെലവാക്കി. കോവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 1129.74 കോടി. ചെലവാക്കിയത് 1111.15 കോടിയും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചത് 680.56 കോടിയാണ്. ദുരന്തം കഴിഞ്ഞ് 4 മാസമായിട്ടും വയനാടിന് നൽകിയത് വെറും 7.65 കോടിയും. കേന്ദ്ര സഹായവും വയനാടിന് ലഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ആധികാരിക പ്രൊപ്പോസൽ ലഭിച്ചത് നവംബർ 15 ന് മാത്രമാണെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസെസ്‌മെന്റ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകി എന്ന് ഇതോടെ വ്യക്തം. കയ്യിലുള്ള പണം ചെലവഴിക്കുന്നതിൽ മെല്ലെപ്പോക്കും കേന്ദ്രത്തിൽ നിന്നുള്ള സഹായം വൈകുന്നതും വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാന കാരണമാണ്.
കേന്ദ്രത്തിനും കേരളത്തിനും മെല്ലെപ്പോക്ക്
വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ പണം നൽകുന്നില്ല. സംസ്ഥാന സർക്കാർ പ്രോജക്ട് റിപ്പോർട്ട് നൽകാൻ വൈകിയെന്നാണ് പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ എം.പിമാർ നിവേദനം നൽകിയപ്പോൾ കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയത്. ദുരന്തനിവാര ഫണ്ട് ഓഡിറ്റ് ചെയ്യുന്നതിൽ ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളുണ്ടായി.
കയ്യിൽ കിട്ടിയ തുക പോലും സംസ്ഥാന സർക്കാർ ചെലവഴിക്കുന്നില്ല. ഒരു പുനരധിവാസ പ്രവർത്തനവും നടക്കുന്നില്ല. ആയിരത്തോളം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പറഞ്ഞിട്ടും സ്ഥലം കണ്ടെത്തി നൽകാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് ജനങ്ങൾ വാടക വീടുകളിൽ തുടരുകയാണ്. പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ പണം നൽകുന്നുമില്ല സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നുമില്ല. ഇക്കാര്യത്തിൽ ഹൈക്കോടതി പറഞ്ഞതു പോലെ രണ്ടു കൂട്ടരും ഉത്തരവാദികളാണ്.