വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് കേരള സർക്കാർ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ (എസ്.ഡി.ആർ.എഫ്) ഫണ്ടിന്റെ ലഭ്യതയും ഉപയോഗവും സംബന്ധിച്ച വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിൽ കേരള ഹൈക്കോടതിയുടെ വിമർശനം. ശരിയായ രീതിയിൽ കണക്കുകൾ കൈകാര്യം ചെയ്യുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത് എന്ന് കോടതി ചോദിച്ചു.
സംസ്ഥാന സർക്കാരും ദുരന്തനിർമാർജന വകുപ്പിന്റെ ധനകാര്യ ഉദ്യോഗസ്ഥനും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എസ്.ഡി.ആർ.എഫിൽ 677 കോടി രൂപ ലഭ്യമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ തുകയിൽ എത്ര ശതമാനം വയനാട്ടിലെ ദദുരിതാശ്വാസത്തിനായി അനുവദിക്കാമെന്ന് അവർക്ക് വ്യക്തമാക്കാൻ കഴിഞ്ഞില്ല.
677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെയെന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ, 50% ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് കാണിക്കാതെ കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ഉടനടി സഹായത്തിനായി ഉപയോഗിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു.
എസ്.ഡി.ആർ.എഫ് ഫണ്ടിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിന് സാധിക്കാത്തതിന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പിയാരും ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പിയും അടങ്ങുന്ന ബെഞ്ച് വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞു.
ഒഡിറ്റിംഗിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. വ്യക്തത വരുത്താമെന്ന് സർക്കാർ മറുപടി നൽകി. 677 കോടി രൂപ മതിയായതല്ലെന്ന് അമികസ് ക്യൂറി ഹൈക്കോടതിയിൽ പറഞ്ഞു. മതിയായതല്ലെന്ന് ബോധ്യമുണ്ടെന്ന് ഹൈക്കോടതി മറുപടി നൽകി. പരസ്പരം കുറ്റപ്പെടുത്തുന്നത് നിർത്തു എന്നും ദുരന്തത്തിൽപെട്ടവരെ കൂടി അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
എസ്ഡിആർഎഫിൽ ബാക്കിയുള്ള 677 കോടി രൂപയിൽ വ്യക്തത വരുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. എസ്ഡിആർഎഫ് ഫണ്ടിൽ വ്യക്തത വരുത്താൻ വ്യാഴാഴ്ച വരെ സാവകാശം നൽകി. കൃത്യമായ കണക്കുകൾ ഹാജരാക്കാൻ നിർദേശം നൽകി കോടതി. എസ്.ഡി.ആർ.എഫ് ഫണ്ടിലെ നീക്കിയിരുപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കണമെന്ന് കോടതി നിർദേശം. കേസ് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.