റോഡുകളിൽ ഒരു മാസം പൊലിയുന്നത് 326 ജീവനുകൾ; കണക്ക് പുറത്തുവിട്ട് കെ.ബി. ഗണേഷ് കുമാർ

KB Ganesh Kumar Kerala transport minister

കേരളത്തിലെ റോഡുകളിൽ ഒരു മാസം പൊലിയുന്നത് 326 ജീവനുകൾ. ഇന്നലെ ആലപ്പുഴ കളർകോട് ദേശീയപാതയിൽ വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെട്ടത് കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. മോശം കാലാവസ്ഥയും റോഡിലെ വെളിച്ചക്കുറവുമായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

2023 ജനുവരി മുതൽ 2024 ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 80465 റോഡപകടങ്ങളും 6534 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ. നെൻമാറ എംഎൽഎ കെ ബാബുവിന്റെ ചോദ്യത്തിന് മറുപടിയായാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മരണത്തിന്റെ ദാരുണ കണക്കുകൾ പുറത്തുവിട്ടത്.

ദേശീയപാതയിൽ കളർകോടുണ്ടായ വാഹനാപകടം ഉണ്ടാകാൻ ഇടയായ സാഹചര്യം പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. റോഡിലെ സുരക്ഷാ സൗകര്യങ്ങൽ വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈവെ നിർമ്മാണം നടക്കുന്നത് അശാസ്ത്രീയമായാണ്. നാഷണൽ ഹൈവെ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ ഏകോപനമുണ്ടാകണം. ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് ഹൈവെ നിർമ്മാണം നടക്കുന്നത്. ആരും എപ്പോൾ വേണമെങ്കിലും അപകടത്തിൽപ്പെടാവുന്ന സ്ഥിതി നമ്മുടെ റോഡുകളിലുണ്ട്. കളർകോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതുകൂടി പരിശോധിക്കണം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആൾ താമസമില്ലാത്ത സ്ഥലങ്ങളിൽ റോഡ് പണിയുന്നതു പോലെയാണ് നാഷണൽ ഹൈവെ അതോറിട്ടി ഇത്രയും വലിയ ജനസാന്ദ്രതയുള്ള കേരളത്തിൽ റോഡ് പണിയുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഒരു സുരക്ഷാ സൗകര്യങ്ങളുമില്ലായെന്നും അത് സർക്കാർ ശ്രദ്ധിക്കണമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരളത്തിലെ റോഡ് സുരക്ഷക്കായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും ഇതൊന്നും ജീവൻ പൊലിയുന്നത് തടയാൻ ഉതകുന്നില്ലെന്നാണ് നിയമസഭയിൽ വെളിപ്പെടുത്തിയ കണക്കിൽ നിന്ന് വ്യക്തമാകുന്നത്. തകർന്ന റോഡുകൾ മഴക്കാലത്ത് അപകടക്കെണിയാകുന്നത് സംസ്ഥാനത്ത് നിത്യ സംഭവമാണ്. അതിനൊപ്പമാണ് നിലവിൽ കേരളത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദേശീയ പാത നിർമ്മാണവും.

യാത്രക്കാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് ദേശീയ പാത നിർമ്മാണം നടക്കുന്നതെന്ന പരാതി വ്യാപകമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പലയിടത്തും ആവശ്യത്തിനുള്ള മുന്നറിയിപ്പുകളോ നിർദ്ദേശങ്ങളോ യഥാവിധം ഉണ്ടാകാറില്ലെന്നത് അപകടങ്ങൾക്ക് കാരണാകുന്നത്. പലപ്പോഴും റോഡ് നിർമാണത്തിനായുള്ള വലിയ കുഴികളിൽ വാഹനങ്ങൾ പതിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്ത സംഭവം കഴിഞ്ഞ വർഷം ആറ്റിങ്ങലിൽ ഉണ്ടായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments