പോസ്റ്റ്മോർട്ടം പൂർത്തിയായി; ഒന്നരമാസം മുമ്പ് ഒരുമിച്ച് പഠിക്കാൻ തുടങ്ങിയവരുടെ അന്ത്യയാത്ര

Post-mortem completed for MBBS students from Alappuzha Medical College who died in accident

ആലപ്പുഴ ദേശീയപാതയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് പേരുടേയും പോസ്റ്റ്മോർട്ടം പൂർത്തിയായി. കോട്ടയം സ്വദേശി ദേവാനന്ദ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശീ ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ എന്നിവരുടെ പോസ്റ്റമോർട്ടമാണ് പൂർത്തിയായത്. ഇവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ചശേഷം ബന്ധുക്കൾക്ക് കൈമാറും.

പാലാ മറ്റക്കരയിലെ വീട്ടിലായിരിക്കും ദേവാനന്ദിന്റെ സംസ്‌കാരം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സംസ്‌കാരം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ നടക്കും. കോട്ടയം പൂഞ്ഞാർ സ്വദേശി ആയുഷിന്റെ സംസ്‌കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും. ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളത്ത് നടക്കും.

ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ ആദ്യവർഷ വിദ്യാർഥികളായ അഞ്ചുപേരാണ് കളർകോട് വാഹനാപകടത്തിൽ മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച ടവേര കാർ നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആറ് വിദ്യാർത്ഥികൾ ഇപ്പോഴും ചികിത്സയിലാണ്. നിലവിൽ ഐ.സി.യുവിലാണുള്ളത്.

ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് ഒന്നരമാസം

ഒരുരാത്രി കൊണ്ട് അഞ്ച് സഹപാഠികളെ നഷ്ടമായതിന്റെ വേദനയിലാണ് ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ ആദ്യവർഷ എം.ബി.ബി.എസ് വിദ്യാർഥികൾ. കോളേജിൽ ഇവരെല്ലാം ഒരുമിച്ച് പഠനം ആരംഭിച്ചിട്ട് ഒന്നരമാസം ആകുന്നേയുള്ളൂ. കളിയും ചിരിയും പഠനവുമായി ഇനിയുള്ള അഞ്ചുവർഷക്കാലം 128-ാം ബാച്ചിന്റെ ഒപ്പമുണ്ടാകേണ്ടിയിരുന്ന അഞ്ചുപേരെയാണ് വാഹനാപകടം തട്ടിയെടുത്തത്.

അപകടവിവരമറിഞ്ഞതിന് പിന്നാലെ സഹപാഠികളും കോളേജിലെ മറ്റുവിദ്യാർഥികളും ആലപ്പുഴ വണ്ടാനം ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് കുതിച്ചെത്തി. പ്രിയപ്പെട്ടവരെ മരണം തട്ടിയെടുത്തെന്ന വിവരമറിഞ്ഞതോടെ പലർക്കും കരച്ചിൽ അടക്കാനായില്ല. പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയും മുഖംകുനിച്ചിരുന്ന് തേങ്ങുന്നവരുടെയും കാഴ്ചകൾ അവിടെയുണ്ടായിരുന്ന ഏവരെയും കണ്ണീരിലാഴ്ത്തി.

ലക്ഷദ്വീപിന് മൊത്തം ഷോക്കായി

ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചവരിൽ ലക്ഷദ്വീപ് സ്വദേശിയും ഉൾപ്പെട്ടതായുള്ള വാർത്ത ഞെട്ടലോടെയാണ് ദ്വീപ് സമൂഹം കേട്ടത്. ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) ആണ് അപകടത്തിൽ മരിച്ച ലക്ഷദ്വീപ് സ്വദേശി. അപകടവിവരമറിഞ്ഞയുടൻ മുഹമ്മദ് ഇബ്രാഹിമിന്റെ കേരളത്തിലുള്ള കുടുബസുഹൃത്തുക്കളും നാട്ടുകാരായ ചിലരും ആലപ്പുഴയിലേക്ക് ഓടിയെത്തി. ഇബ്രാഹിമിന്റെ മരണം ലക്ഷദ്വീപിന് മൊത്തം ഷോക്കായെന്നായിരുന്നു ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിയ ഒരു കുടുംബസുഹൃത്ത് പതികരിച്ചത്.

‘ഒരുമാസമേ ആയിട്ടുള്ളൂ അവൻ ജോയിൻ ചെയ്തിട്ട്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു അവൻ. കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു. ഇളയകുട്ടി മൂന്നാംക്ലാസിൽ പഠിക്കുകയാണ്. നല്ല ഉയർന്ന മാർക്കോടെയാണ് എം.ബി.ബി.എസ് പഠനത്തിനെത്തിയത്. ഒരു സൈലന്റ് പയ്യനായിരുന്നു. അവന്റെ മരണം ലക്ഷദ്വീപിന് മൊത്തം ഷോക്കായി’, അദ്ദേഹം പറഞ്ഞു.

ഇബ്രാഹിമിന്റെ മാതാപിതാക്കൾ ചൊവ്വാഴ്ച രാവിലെ ആന്ത്രോത്ത് ദ്വീപിൽനിന്ന് ഹെലികോപ്ടർ മാർഗം അഗത്തിയിലെത്തും. അവിടെനിന്ന് വിമാനമാർഗം കൊച്ചിയിലേക്ക് തിരിക്കും. മാതാപിതാക്കൾ എത്തിയശേഷം എറണാകുളത്തായിരിക്കും ഇബ്രാഹിമിന്റെ ഖബറടക്കമെന്നും ബന്ധുക്കളും കുടുംബസുഹൃത്തുക്കളും അറിയിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്വാർത്ഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments