കൊല്ലം ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില കൊല്ലപ്പെട്ടു. അനിലയുടെ ഭർത്താവ് പത്മരാജൻ കസ്റ്റഡിയിൽ.
അനിലയോടൊപ്പം കാറിലുണ്ടായിരുന്ന സോണിയെന്ന യുവാവിനെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനില കൊല്ലം ആശ്രാമത്ത് ഒരു ബേക്കറി നടത്തുകയാണ്. ബേക്കറിയിലെ ജീവനക്കാരനാണ് സോണി. വാഹനമോടിച്ചിരുന്നത് അനിലയാണ്.
യുവതിയുടെ സുഹൃത്തും ബേക്കറിയിലെ ബിസിനസ്സ് പാർട്ണറുമായ മറ്റൊരാളെ ലക്ഷ്യമിട്ടാണ് പത്മരാജൻ ആക്രമണം നടത്തിയതെന്നാണ് പ്രാഥമികമായി പോലീസ് പറയുന്നത്. രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ആക്രമണം നടത്തിയതിന് ശേഷം പത്മരാജൻ ഒരു ഓട്ടോ കയറി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ബേക്കറി അടച്ചിറങ്ങുന്ന അനില ജീവനക്കാരനായ സോണിയെ ബസ് സ്റ്റാൻ്റില്‍ കൊണ്ടാക്കിയാണ് വീട്ടിലേക്ക് പോയിരുന്നത്. അങ്ങനെയുള്ള യാത്രയിലായിരുന്നു ഇത്തരമൊരു ആക്രമണം. കാറിനകത്ത് ഒരു പാത്രത്തില്‍ പെട്രോള്‍ കരുതിയിരുന്ന പത്മരാജൻ അനിലയുടെ കാർ തടഞ്ഞ് അതിനകത്തേക്ക് പെട്രോള്‍ എറിഞ്ഞ് തീ കൊളുത്തുകയായിരുന്നു.
ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.
രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.