ഒരു കോടിയും 300 പവനും മോഷ്ടിച്ചത് അയൽവാസി; ലിജീഷ് പിടിയിൽ

Kannur Valapattanam theft case neighbor lijeesh

കണ്ണൂർ വളപട്ടണത്ത് വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടിരൂപയും മോഷ്ടിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. ലിജീഷ് ആണ് പിടിയിലായത്. നവംബർ 20നായിരുന്നു വ്യാപാരിയായ കെ.പി. അഷ്റഫിന്റെ വീട്ടിൽ മോഷണം നടന്നത്.

അഷ്‌റഫിന്റെ വീടുമായി അടുത്ത ബന്ധമുള്ള ആളായിരിക്കും മോഷണത്തിന് പിന്നിലെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്‌റഫിന്റെ വീട്ടിലെത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ വീട്ടിൽ നിന്ന് മോഷണവസ്തുക്കൾ കണ്ടെടുത്തു.

പ്രതി ലിജീഷ് വെൽഡിങ് തൊഴിലാളിയാണ്. തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ലോക്കർ തകർത്തത്. വീട്ടിലെ കട്ടിലിനടിയിൽ സ്വയം നിർമിച്ച ലോക്കറിലാണ് മോഷണമുതൽ സൂക്ഷിച്ചത്. 1.21 കോടി രൂപ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയത് വീടിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് എന്ന സൂചന ആദ്യം മുതലേയുണ്ടായിരുന്നു. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം ബോധ്യമായത്.

പോലീസ് നായ മണംപിടിച്ച് റെയിൽവേ ട്രാക്കിന് സമീപത്തേക്ക് പോയതിനാൽ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചാണ് ആദ്യം അന്വേഷണം നീങ്ങിയത്. എന്നാൽ, സിസിടിവി ദൃശ്യങ്ങളാണ് വീടിനെ കുറിച്ച് അറിയുന്നവരിലേക്ക് സംശയം നീളാൻ കാരണം. പരമാവധി സിസിടിവികൾ ഒഴിവാക്കി വിദഗ്ധമായിട്ടായിരുന്നു മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. കൃത്യമായി, എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്നറിയാമായിരുന്ന പോലെയായിരുന്നു മോഷണരീതി.

പ്രതി 40 മിനിറ്റ് മാത്രമാണ് വീടിനുള്ളിൽ ചെലഴിച്ചത്. ജനൽ പാളി അഴിച്ചു മാറ്റി അകത്ത് കടന്ന് ലോക്കറിന്റെ ചാവി കണ്ടെത്തിയത് വളരെ ചുരുങ്ങിയ സയമത്തിനുള്ളിലാണ്. വീടിനുള്ളിലെ കാര്യങ്ങൾ വരെ മനസ്സിലാക്കിയ ആളാണ് പ്രതിയെന്ന് ഇതോടെ ബോധ്യമായി.

ലിജീഷ് കുറച്ചു ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഫോണിലെ വിവരങ്ങളും ടവർ ലൊക്കേഷനുകളുമൊക്കെ പരിശോധിച്ച ശേഷമാണ് പ്രതി ഇയാൾ തന്നെയാണെന്ന് ഉറപ്പിച്ചത്. ഇയാളിൽ നിന്ന് മോഷണം പോയ സ്വർണവും പണവും കണ്ടെടുത്തു.

അരി വ്യാപാരിയായ വളപട്ടണം മന്ന അഷ്‌റഫിന്റെ വീട്ടിൽ നിന്നായിരുന്നു ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവർ വീട് അടച്ചിട്ട് മധുരയിലേക്ക് പുറപ്പെട്ടത്. നവംബർ 20ന് ആണ് മോഷണം നടന്നത്.

വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. തുടർന്ന് മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് ലോക്കർ തുറന്നാണ് മോഷണം നടത്തിയത്.

English Summery: Kerala police confirmed the arrest of a suspect on Monday in connection with the recent Valapattanam theft, where Rs 1 crore in cash and 300 sovereigns of gold were stolen from a house.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments