തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ കഴിഞ്ഞ മൂന്ന് വർഷം നടത്തിയ സ്ഥിരനിയമനങ്ങൾ റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ്. സ്ഥിരനിയമനം ലഭിച്ചവരെ പിൻവലിച്ച് ഇവരെ ദിവസവേതനക്കാരായി നിയമിക്കാനാണ് പൊതുവിഭ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഭിന്നശേഷി സംവരണം നടപ്പാക്കാത്ത സ്‌കൂളുകളെ ലക്ഷ്യമിട്ടാണ് സർക്കുലറെങ്കിലും സംസ്ഥാനത്തെ മുക്കാൽ പങ്ക് എയ്ഡഡ് സ്‌കൂളുകളിലും ഭിന്നശേഷി നിയമനം പൂർത്തിയാട്ടില്ല. ഇതോടെ ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവി ചോദ്യ ചിഹ്നമായിരിക്കുകയാണ്. മൂന്ന് തവണ പത്രപരസ്യം നൽകിയിട്ടും ഭിന്നശേഷിക്കാരെ നിയമിക്കാൻ ആകാത്ത സാഹചര്യമുള്ള സ്‌കൂളുകളാണ് സംസ്ഥാനത്ത് കൂടുതലും. സർക്കാർ ഉത്തരവിനെതിരെ മാനേജ്‌മെന്റുകളും അധ്യാപക സംഘടനകളും പ്രതിഷേധത്തിലാണ്.
1996 മുതൽ 3 %വും 2016 മുതൽ 4 %വും ഭിന്നശേഷിക്കാരെ സ്‌കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. ഈ സംവരണം പൂർത്തിയാക്കിയ സ്‌കൂളുകളിലെ നിയമനങ്ങൾക്കു സർക്കാർ അംഗീകാരം നൽകുന്നുണ്ട്. സംവരണം നടപ്പാക്കാത്ത സ്‌കൂളുകളിൽ നിയമിക്കുന്നവർക്കു ദിവസവേതനക്കാരായുള്ള അംഗീകാരമാണു നൽകുന്നത്. ഈ സ്ഥാപനങ്ങൾ ഭിന്നശേഷി സംവരണം പൂർത്തിയാക്കുമ്പോൾ ദിവസവേതനക്കാർക്കു മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമന അംഗീകാരം നൽകുമെന്നാണു സർക്കാർ വ്യക്തമാക്കിയിരുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽനിന്നു പട്ടിക വാങ്ങിയാണു ഭിന്നശേഷിക്കാരെ നിയമിക്കേണ്ടത്.
3 തവണ പത്രത്തിൽ പരസ്യം നൽകിയിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ കിട്ടാത്ത സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇളവു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ശനിയാഴ്ച പുതിയ സർക്കുലർ വന്നത്. ഭിന്നശേഷി നിയമനം സംബന്ധിച്ച് ഈ വർഷം ഇറക്കിയ പത്തോളം ഉത്തരവുകൾ പരസ്പരവിരുദ്ധവും അവ്യക്തത നിറഞ്ഞതുമാണെന്നതും വസ്തുതയാണ്.
കഴിഞ്ഞ 3 വർഷത്തെ സ്ഥിരനിയമനങ്ങൾ താൽക്കാലിക നിയമനങ്ങളാക്കി മാറ്റിയാൽ സ്ഥിരനിയമനത്തിനുള്ള അവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മറ്റൊരാൾ വിരമിച്ചതോ സ്ഥലംമാറിയതോ രാജിവച്ചതോ ആയ ഒഴിവിൽ സ്ഥിരനിയമനം നടത്തുന്നു എന്ന ഉത്തരവാണു ഇപ്പോൾ മാനേജ്‌മെന്റുകൾ നൽകുന്നത്. ഇനി ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ ജീവനക്കാർക്കു സ്ഥിരനിയനമെന്ന അവകാശം കോടതിയിൽ പോലും ഉന്നയിക്കാൻ കഴിയില്ല. ഭാവിയിൽ സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം സർക്കുലറിലുമില്ല. സംസ്ഥാനത്തെ 14,205 സ്‌കൂളുകളിൽ 5,995 എണ്ണം സർക്കാർ സ്‌കൂളുകളും 8,210 എണ്ണം എയ്ഡഡുമാണ്.
English Summery: Kerala Education Department Cancels All Permanent Appointments in Last Three Years Over Failure to Meet Reservation Quota for Differently-Abled Students in Aided Schools