മോസ്‌കോ: യുദ്ധത്തിനിടെ ബഡ്ജറ്റ് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പ്രതിരോധത്തിനായിട്ടാണ് റഷ്യ തങ്ങളുടെ ബഡ്ജറ്റിന്റെ വലിയ ഒരു പങ്ക് മാറ്റി വെച്ചിരിക്കുന്നത്. ഉക്രൈയിനെതിരെ ശക്തമായ ആക്രമണം നടത്തുന്നതിനായി പ്രതിരോധ സേനയെ ശക്തിപ്പെടുത്താന്‍ ഏകദേശം 126 ബില്യണ്‍ ഡോളര്‍ നീക്കിവച്ചിരിക്കുകയാണ് പുടിന്‍. ഇത് മൊത്തം സര്‍ക്കാര്‍ ചെലവിന്റെ 32.5 ശതമാനമാണ്. മോസ്‌കോയുടെ 2025 പ്രതിരോധ ബജറ്റ് മുന്‍ വര്‍ഷങ്ങളെക്കാള്‍ ഏകദേശം 28 ബില്യണ്‍ ഡോളര്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.
ഇത് റഷ്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6 ശതമാനത്തിലധികമാണ്. കഴിഞ്ഞ വര്‍ഷം റഷ്യന്‍ സര്‍ക്കാര്‍ മൊത്തം ചെലവിന്റെ 28.3 ശതമാനം പ്രതിരോധ ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരുന്നു. യുദ്ധത്തിനും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കുമുള്ള ആസൂത്രിതമായ ചെലവ് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നയം, ദേശീയ സമ്പദ് വ്യവസ്ഥ എന്നിവയ്ക്കുള്ള രാജ്യത്തിന്റെ സംയുക്ത ചെലവുകളെ മറികടന്നു. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-ഉക്രെയ്ന്‍ യുദ്ധം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഘര്‍ഷമായി ഇപ്പോഴും തുടരുകയാണ്.