ഡല്‍ഹി: വ്യോമയാന ഇന്ധന വില വര്‍ധനവിന് പിന്നാലെ വിമാന ടിക്കറ്റുകള്‍ക്കും നിരക്കു കൂടുമെന്ന് റിപ്പോര്‍ട്ട്. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോ ലിറ്ററിന് ആദ്യം 1,318 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒരു മാസത്തിന് ശേഷം, അത് 2,941.5 അല്ലെങ്കില്‍ 3.3% ഉയര്‍ത്തി. ഡല്‍ഹിയില്‍ കിലോലിറ്ററിന് 91,856.84 രൂപയും കൊല്‍ക്കത്തയില്‍ 94,551.63 രൂപയും മുംബൈയില്‍ 85,861.02 രൂപയും ചെന്നൈയില്‍ 95,231.49 രൂപയുമാണ് എടിഎഫ് വില. വിമാനക്കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് പുതിയ നിരക്കുകള്‍.
ഇന്ന് മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പുതിയ ഇന്ധന വര്‍ധന വിമാന ക്കമ്പനികള്‍ക്ക് ലാഭവിഹിതം കുറയ്ക്കുന്നതാണ്. സര്‍ക്കാര്‍ എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ എല്ലാ മാസവും ഒന്നാം തീയതി ജെറ്റ് ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വില പരിഷ്‌കരിക്കുന്നതാണ്. ഒക്ടോബര്‍ ഒന്നിന് കിലോലിറ്ററിന് 5,883 രൂപയും സെപ്റ്റംബര്‍ ഒന്നിന് 4,495.5 രൂപയും കുറച്ചതിന് ശേഷം നവംബര്‍ ഒന്നിന് എണ്ണക്കമ്പനികള്‍ എടിഎഫ് വില അവസാനമായി ഉയര്‍ത്തിയിരുന്നു.