News

‘വി.ജോയി മത്സരിച്ചത് പണം പിരിക്കാന്‍’: മധു മുല്ലശേരി

തിരുവനന്തപുരം: സിപിഎം ഏരിയാ സമ്മേളനങ്ങൾ പുരോഗമിക്കുന്നതിനിടെ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയിലെ ഏരിയ സമ്മേളനത്തിൽ ചേരിതിരിഞ്ഞുള്ള കൈയേറ്റവും നേതാക്കളെ പൂട്ടിയിടലും സംഭവിച്ചിരുന്നു. അതിന് പിന്നാലെ തിരുവനന്തപുരം ജില്ലയിലും സിപിഎം വിഭാഗീയ പ്രശ്‌നങ്ങൾ പരസ്യമാകുകയാണ്.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയാണ് ഇറങ്ങിപ്പോയത്. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് അകാരണമായി മാറ്റിയതിൽ ജില്ലാസെക്രട്ടറി വി. ജോയിയോടുള്ള പ്രതിഷേധമറിയിച്ചാണ് ഇറങ്ങിപ്പോക്ക്.

മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിർത്തതാണ് തർക്കത്തിന് കാരണം. എം ജലീലാണ് പുതിയ ഏരിയ സെക്രട്ടറി. അതിനിടെ മധു മുല്ലശ്ശേരി പാർട്ടി വിട്ടേക്കുമെന്നുള്ള സൂചനകളുണ്ട്. ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ വി. ജോയിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മധു ഉയർത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി. ജോയി മത്സരിച്ചത് പണം പിരിക്കാനാണെന്നും. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉഴപ്പ് കാണിച്ച് തോറ്റതാണെന്നും മധു മുല്ലശ്ശേരി ആരോപിച്ചു.

എംഎൽഎ ആയും ജില്ലാ സെക്രട്ടറിയായും തുടരാനായിരുന്നു ജോയിയുടെ ആഗ്രഹം. എന്നാൽ ലോക്‌സഭയിലേക്ക് മത്സരിച്ചത് അതിന്റെ പേരിൽ പിരിവ് നടത്താനാണെന്നാണ് മധുവിന്റെ ആരോപണം. തോറ്റപ്പോൾ സന്തോഷിച്ച നേതാവാണ് വി. ജോയിയെന്നും മധു പറയുന്നു. പാർട്ടി ഏരിയ കമ്മിറ്റി പ്രവർത്തനം നടത്താൻ പറ്റാത്ത വിധത്തിൽ ജില്ല സെക്രട്ടറിയായ വി. ജോയിയുടെ ഇടപെടലാണ് നടത്തുന്നത്. ഏരിയ സെക്രട്ടറിയെ മാറ്റാൻ തീരുമാനിച്ചത് ഏകപക്ഷീയമായാണെന്നും മധു വെളിപ്പെടുത്തി.

ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ ഒരു പക്ഷം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കരുനാഗപ്പള്ളി സിപിഎമ്മിലുണ്ടായ പ്രശ്നം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചു.

ഇത്തരം പ്രവണതകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഒറ്റപ്പെട്ടസംഭവമാണിതെന്നുമുള്ള എംവി ഗോവിന്ദന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തും പാർട്ടിയിൽ തർക്കങ്ങളുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *