
സിപിഎമ്മിന്റെ കുത്തിതിരിപ്പ് പരസ്യം; അനുമതിയില്ലാതെ, അന്വേഷണം നടക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം പ്രസിദ്ധീകരിച്ച വിവാദ പരസ്യത്തിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നും, ഇപ്പോൾ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും ജില്ലാ ഭരണകൂടം. സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ആക്ഷേപം ഉയർന്ന പരസ്യം സിപിഎം ചില പ്രത്യേക പത്രങ്ങളെ ലക്ഷ്യമിട്ട് നൽകിയത് വലിയ വിവാദമായിരുന്നു. പരസ്യത്തിന് അനുമതി തേടിയിരുന്നു എന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം ഇതോടെ പൊളിഞ്ഞു.
‘സരിൻ തരംഗം’ എന്ന തലക്കെട്ടോടെ സുപ്രഭാതം, സിറാജ് പത്രങ്ങളിലാണ് കഴിഞ്ഞ 19ന് പരസ്യം പ്രസിദ്ധീകരിച്ചത്. ഇതിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരുടെ പഴയകാല പ്രസ്താവനകളും പോസ്റ്റുകളും ഉൾപ്പെടുത്തിയതാണ് വിവാദമായത്. സന്ദീപിന്റെ പൂർവ്വകാല ചരിത്രം വിഷയമാക്കുന്ന സിപിഎം എന്തുകൊണ്ട് പി സരിന്റെ മുൻ നിലപാടുകളെക്കുറിച്ച് മിണ്ടുന്നില്ലെന്നായിരുന്നു സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അന്ന് ചോദിച്ചത്.
പരസ്യത്തിന് രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ അടക്കം ആരും അനുമതി വാങ്ങിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫിസറാണ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണമൊന്നും നടക്കുന്നില്ലെന്നും മറുപടിയിൽ പറയുന്നു.

പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രതിനിധികളെ കലക്ടറേറ്റിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടും അന്വേഷണം നടക്കുന്നില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ മറുപടി എൻഡിഎഫിന്റെ പെരുമാറ്റച്ചട്ട ലംഘനം തേച്ചുമായ്ച്ചു കളയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. പരാതി കിട്ടാത്തതിനാൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടറോ അവരുടെ കീഴിലെ ആരെങ്കിലുമോ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
പരസ്യത്തിനെതിരെ പരാതി നൽകുമെന്നായിരുന്നു യുഡിഎഫ് പ്രഖ്യാപിച്ചത്. വിവാദ പരസ്യം സംബന്ധിച്ച് വരണാധികാരിക്ക് പരാതി നൽകിയിരുന്നതായി യുഡിഎഫ് നേതൃത്വം പറയുന്നു.